- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാന ആക്രമിച്ച മാവോയിസ്റ്റിനെ ഉപേക്ഷിച്ച സംഭവം: യു എ പി എ ചുമത്തി കേസെടുക്കുമെന്ന് പൊലീസ്; സുരേഷിന്റെ കൂട്ടാളികൾക്കായി കാഞ്ഞിരക്കൊല്ലിയിൽ തണ്ടർ ബോൾട്ട് തെരച്ചിൽ നടത്തി
കണ്ണൂർ : കേരള -കർണാടക വനാതിർത്തിയിൽ കാട്ടാനയുടെ അക്രമത്തിൽ പരുക്കേറ്റ പ്രവർത്തകനെ ആറംഗ മാവോയിസ്റ്റ് സംഘം കാഞ്ഞിര ക്കൊല്ലിയിലെ ചിറ്റാരി കോളനിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സംഭവത്തിൽ കണ്ണൂർ റൂറൽ പൊലിസും വനം വകുപ്പും സംയുക്ത അന്വേഷണം ഊർജ്ജിതമാക്കി. കാഞ്ഞിരക്കൊല്ലി, ചിറ്റാരി വനമേഖലയിൽ പൊലീസും വനം വകുപ്പും ശനിയാഴ്‌ച്ച പുലർച്ചെ മുതൽ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പാടം കവലയിൽ ക്യാംപ് ചെയ്താണ് തെരച്ചിൽ നടത്തുന്നത്. വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറുമണിയോടെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യൽ സോൺ കമ്മിറ്റി അംഗം ചിക്കമംഗ്‌ളൂര് അങ്ങാടി സ്വദേശി പ്രദീപ് എന്ന സുരേഷിനെ (58)നെയാണ് പരുക്കേറ്റ നിലയിൽ മാവോയിസ്റ്റ് സംഘം ചിറ്റാരി പുഴയോരത്ത് എത്തിച്ചത്. മൂന്നു ദിവസം മുൻപ് വനമേഖലയിലുടെ സഞ്ചരിക്കുമ്പോൾ കാട്ടാനയുടെ പരുക്കേറ്റ സുരേഷിന് ചികിത്സ ലഭിക്കുന്നതിനാണ് ജനവാസ മേഖലയിൽ എത്തിച്ചത്.
സുരേഷ് 2002 മുതൽ മാവോയിസ്റ്റ് പ്രവർത്തകനാണെന്നാണ് പൊലിസ് പറയുന്നത്. ആദ്യം മാവോയിസ്റ്റ് സംഘത്തിലെ രണ്ടു പേർ കോളനിയിലെത്തി ഭക്ഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാർ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി പണം നൽകി അടുത്ത കടയിൽ നിന്നും പച്ചരി, തീപ്പെട്ടി പപ്പടം അച്ചാർ എന്നീ സാധനങ്ങൾ വാങ്ങിപ്പിച്ചു. ഒരാൾക്ക് സുഖമില്ല ആശുപത്രിയിലെത്തിക്കാൻ പറ്റുമോയെന്ന് ചോദിച്ച് ചിറ്റാരി പുഴയോരത്ത് മരകൊമ്പ് കെട്ടിയ ഊഞ്ഞാലിൽ ചുമന്നാണ് സുരേഷിനെ എത്തിച്ചത്. അവിടെ നിന്നും ചപ്പിലി കൃഷ്ണന്റെ വീട്ടിൽ വലതുകാൽ മുട്ടിൽ തുണികൊണ്ടു കെട്ടിയ സുരേഷിനെ താങ്ങി കൊണ്ടുവരികയായിരുന്നു. സംഘത്തിലൊരാൾ സുരേഷിന്റെ പോക്കറ്റിൽ പണവും നിക്ഷേപിച്ചു. കാട്ടാന അക്രമിച്ചതാണെന്നും ചികിത്സ നൽകണമെന്നും പറഞ്ഞാണ് ഇവർ മടങ്ങിയത്.
ഉടൻ വീട്ടുകാർ വാർഡ് മെംപറെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏഴരയോടെ വിവരമറിഞ്ഞ് സമീപത്തെ സ്‌കൂൾ വാർഷികത്തിൽ പങ്കെടുക്കുകയായിരുന്ന പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പഞ്ചായത്തംഗം ജിൽസൺ കണികത്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തുകയും പയ്യാവൂർ പൊലിസ് ഏർപ്പാടാക്കിയ ആംബുലൻസിൽ പാടാംകവലയിൽ എത്തിച്ച് പൊലിസിന് കൈമാറുകയുമായിരുന്നു. പൊലിസാണ് ഇയാളെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷം കനത്ത സുരക്ഷയിലാണ് സുരേഷ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.
കാട്ടാനയുടെ അക്രമത്തിൽ കൈക്കും കാലിനും പരുക്കേറ്റ സുരേഷിനെ ചികിത്സിക്കുന്ന ഐ.സി.യുവിന് മുൻപിലും മെഡിക്കൽ കോളേജ് പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നെഞ്ചിനും കൈകാലുകൾക്കും പരുക്കേറ്റ ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുരേഷിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുമെന്നും അന്വേഷണം എ.ടി.എസിന് കൈമാറാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ