തൃശൂർ: ഉത്രാളിക്കാവ് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതിയില്ല. പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താനായി ലൈസൻസ് അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ എഡിഎംടി തള്ളി.

പൊലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളും സമീപകാലത്തുണ്ടായ അപകടങ്ങളും കണക്കിലെടുത്താണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയ പിഴവ് പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് ജില്ലയിലെ കുണ്ടന്നൂർ, വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അതിനാൽ എക്സ്പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.