- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുതലമൂരി കേസിൽ ഗൂഗിൾപേ വഴി 1.40 ലക്ഷം രൂപ കൈക്കൂലി; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഇരുതലമൂരിയുമായി പിടികൂടിയ പ്രതികളെ കേസിൽ നിന്നൊഴിവാക്കാൻ ഗൂഗിൾപേ വഴി 1.40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൽ.സുധീഷ്‌കുമാർ, ഡ്രൈവർ ആർ.ദീപു എന്നിവർക്കെതിരേയാണ് വകുപ്പുതല നടപടി. തിരുവനന്തപുരം വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
ഇരുവരും വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വനംവകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്നു നടന്ന വകുപ്പുതല അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. ഓൺലൈൻ പണമിടപാടിന്റെ രേഖകൾ കണ്ടെത്തി. ഇരുതലമൂരി കടത്ത് കേസിലെ വാഹന ഉടമ, പ്രതികൾ എന്നിവരിൽനിന്നാണ് ഉദ്യോഗസ്ഥർ പലതവണയായി ഗൂഗിൾ പേ വഴി പണം വാങ്ങിയത്.
തടി കയറ്റിയ ലോറി വിട്ടുനൽകുന്നതിന് 35,000 രൂപ വാങ്ങിയതിനും തെളിവ് ലഭിച്ചു. തോക്ക് ലൈസൻസ്, മരംമുറി അനുമതി ഇടപാടുകളിൽ ഡ്രൈവർ ഇടനിലക്കാരനായി പണം കൈപ്പറ്റിയതായി കണ്ടെത്തി. കേസിൽപ്പെട്ടവരെ ഒഴിവാക്കിക്കൊടുക്കുന്നതിനു തുക ആവശ്യപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.