കൊല്ലം: കരുനാഗപ്പള്ളിയിൽ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭർത്താവ് പാവുമ്പ തെക്ക് വിജയഭവനത്തിൽ ഉണ്ണികൃഷ്ണപിള്ളയും (55) മരിച്ചു. ഭാര്യ ബിന്ദു (47) നേരത്തെ മരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ദമ്പതിമാർ ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവർ രണ്ടുപേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുവായ ഒരാൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മുറിയിൽ രണ്ടുപേരെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിന്ദു മരിച്ചിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ ഉണ്ണികൃഷ്ണപിള്ളയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച പുലർച്ചെയാണ് ഉണ്ണികൃഷ്ണപിള്ള മരിച്ചത്.