തിരുവനന്തപുരം: വയനാട്ടിലെ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ആ പ്രതികരണങ്ങൾ മനസ്സിലാക്കി ഫലപ്രദമായി നടപടികൾ സ്വീകരിക്കുക എന്നതാണ് സർക്കാരിന്റെ ജോലി. ഈ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നിർദേശങ്ങൾ സംബന്ധിച്ച് വയനാട്ടിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിതല സമിതി 20 ന് വയനാട്ടിലെത്തും. അതിനു മുമ്പ് വനംമന്ത്രി വയനാട്ടിൽ ചെന്ന് പ്രത്യേകമായി ഒന്നും പറയേണ്ടകാര്യമില്ല.

താൻ വയനാട്ടിൽ പോയില്ല എന്നത് ആരോപണമല്ല, വസ്തുതാണ്. എന്നാൽ കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ല. ചില വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് പ്രശ്നം സങ്കീർണമാക്കുന്നത്. പ്രതിഷേധം അക്രമാസക്തമായാൽ കേസെടുക്കാതിരിക്കാനാകില്ല. എല്ലാവരുടേയും സൗകര്യാർത്ഥമാണ് 20 ന് മന്ത്രിതല സമിതി വയനാട്ടിലെത്തുന്നത്.