തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില ഇന്നലെയും കേരളത്തിൽ രേഖപ്പെടുത്തിയതോടെ അത്യുഷ്ണത്തെ നേരിടാൻ സംസ്ഥാനം കൂടുതൽ നടപടി സ്വീകരിക്കും. ഫെബ്രുവരിയിൽ തന്നെ കേരളം തിളച്ചു തുടങ്ങുന്ന സ്ഥിതിയായതിനാൽ വൈകാതെ കർമ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചേക്കും. ദുരന്ത നിവാരണ സമിതി നൽകിയ ശുപാർശകൾ സർക്കാർ പരിഗണനയിലാണ്. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം വൈകാതെ ചേരും.

കണ്ണൂരിൽ ഇന്നലെ ചൂട് 38.5 ഡിഗ്രി സെൽഷ്യസ് കടന്നു. കോട്ടയം, മലപ്പുറം, പത്തനംതിട്ട, പാലക്കാട് ജില്ലകളാണ് ചൂട് ക്രമാതീതമായി അനുഭവപ്പെടുന്ന മറ്റു ജില്ലകൾ. പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും ചൂട് 39 മുതൽ 40 വരെ അനുഭവപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്താറില്ല.