കോഴിക്കോട്: നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കാൻ വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖത്തിന് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ മടി കൂടാതെ പറയാനുള്ള വേദിയാണ് മുഖാമുഖമെന്നും വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ ഗൗരവതരമായി തന്നെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങൾ പങ്കുവെക്കാനുമുള്ള വേദിയാണ് 'മുഖാമുഖം'മെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുമ്പ് വിജയകരമായ രീതിയിൽ പ്രൊഫഷണൽ വിദ്യാർത്ഥി സംഗമം നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ ആശയങ്ങൾ പ്രകടമാക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഇത്തരം സംവാദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ ആശയങ്ങൾ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് മനസ്സിൽ കരുതിയ ആശയങ്ങൾ 'മുഖാമുഖം' പരിപാടിയിൽ പങ്കുവെക്കാം. ഭാവിയിൽ നടപ്പാക്കേണ്ട കാര്യങ്ങൾ എന്തും പറയാം. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേർത്ത് നവകേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. നവകേരള സദസ്സിന്റെ തുടർച്ചയാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ തുടർച്ച ഉന്നത വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരണം. ഫലപ്രദമായ ഒട്ടേറെ അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതൽ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയർത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാങ്കേതിക സർവകലാശാല, മെഡിക്കൽ കോളജ്, വെറ്ററിനറി കാർഷിക-ഫിഷറീസ് സർവകലാശാലകൾ, കേരള കലാമണ്ഡലം എന്നിവ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ, പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ കോളജുകളിൽനിന്നുമുള്ള വിദ്യാർത്ഥികൾ, പാഠ്യ-പാഠ്യേതര മേഖലകളിൽ കഴിവ് തെളിയിച്ചവർ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്.