- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം താനാളൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ; അന്വേഷണം
മലപ്പുറം: താനാളൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. താനാളൂർ നരസിംഹ മൂർത്തീ ക്ഷേത്രത്തിലും മീനടത്തൂർ അമ്മം കുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്ര ഓഫീസുകൾക്കുള്ളിൽ കടന്ന മോഷ്ടാക്കൾ പണം കവരുകയായിരുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ക്ഷേത്രത്തിനുള്ളിൽ കടന്നത്.
മീനടത്തൂർ അമ്മം കുളങ്ങര ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാര കുത്തിപ്പൊളിച്ച മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ കവർന്നു. പൂട്ട് തകർക്കാനുപയോഗിച്ച പാര ക്ഷേത്രമുറ്റത്ത് നിന്നും കണ്ടെത്തി. ക്ഷേത്രത്തിന് സമീപം താമസിക്കുന്നവരാണ് ഓഫീസിന്റെ വാതിൽ തകർന്ന് കിടക്കുന്നത് ആദ്യം കണ്ടത്.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. താനാളൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കളെത്തിയത്. ക്ഷേത്രമുറ്റത്തെ ഭണ്ഡാരം തകർത്ത മോഷ്ടാക്കൾ ഓഫീസിന്റെ വാതിൽ തകർത്ത് അകത്തു കടന്നു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരം തകർന്ന് കിടക്കുന്നത് കണ്ടത്. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് ക്ഷേത്രത്തിലുമെത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ