- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗരുഡൻ തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവം; സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം; നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം
പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ 'ഗരുഡൻ തൂക്കം' വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാന്റെ നിർദ്ദേശം. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൂക്കം വഴിപാടിനിടെ മുകളിൽ നിന്ന് താഴേ വീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ ആരും പരാതി ഇല്ലാത്തതിനാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിൽ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നാണ് വിമർശനം. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളുൾപ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കൻ കേരളത്തിൽ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്.
മറുനാടന് മലയാളി ബ്യൂറോ