കണ്ണൂർ: തലശേരിയിലെ പൈതൃക സ്മാരക കേന്ദ്രങ്ങളെ കുട്ടിയിണക്കിയുള്ള ഡബിൾ ഡക്കർ ടുറിസ്റ്റ് ബസ് ഫെബ്രുവരി അവസാന വാരം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് തലശേരി സബ് ഡിപ്പോ മാനേജർ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും തലശേരി ഡിപ്പോയിൽ എത്തിച്ച ബസിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ് ഇനി പെയിന്റിങും സ്റ്റിക്കർ ഒട്ടിക്കലുമാണ് ബാക്കിയുള്ളത്.

ഒരു ദിവസം അഞ്ചു സർവീസുകൾ പൈതൃക കേന്ദ്രങ്ങളായ ഗുണ്ടർട്ട് ബാംഗ്‌ളാവ്, കടൽപ്പാലം, തലശേരി കോട്ട ഓട്ടത്തിൽ പള്ളി, മാഹി പള്ളി, ജവഹർഘട്ട്, താഴെത്തങ്ങാടി പിക്ചർ സ്ട്രീറ്റ് , ജവഹർഘട്ട്തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തും. ഉദ്ഘാടനം കഴിഞ്ഞാൽ മാഹി ബൈപ്പാസ് വഴിയും ഡബിൾ ഡെക്കർ ട്രിപ്പ് നടത്തും.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഡബിൾ ഡക്കർ സർവീസ് നടത്തുക അറുപതു സീറ്റുകളാണ് ഡബിൾ ഡക്കറിൽ ഒരുക്കിയിട്ടുള്ളത്. മുൻകൂട്ടിയുള്ള ഓൺ ലൈൻ ബുക്കിങിലൂടെയാണ് വിനോദ സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവുക.

സ്ത്രീകളെയും കുട്ടികളെയും വയോധികരെയും കുടുംബശ്രീ അടക്കമുള്ള ചെറു ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടാണ് കെ.എസ്.ആർ.ടി.സി പുത്തൻ ടൂർപദ്ധതി ഒരുക്കിയിട്ടുള്ളത്. നേരത്തെ കണ്ണൂർ ഡിപ്പോയിൽ നിന്നും നടത്തിയ ബജറ്റ് ടൂറിസം ട്രിപ്പുകളിലൂടെ കെ.എസ്.ആർ.ടി.സി വൻ ലാഭം കൊയ്തിരുന്നു. തലശേരിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ ഗുണപ്രദമാകും ഡബിൾ ഡക്കർ ബസെന്നാണ് കോർപറേഷൻ പ്രതീക്ഷിക്കുന്നത്.