കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ. കണ്ണൂരിലാണ് ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവർണർക്കെതിരെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂരും ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്ഐ നടത്തിയിരുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയായിരുന്നു ഗവർണക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുന്നത്. കണ്ണൂരിൽ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്നാണ് എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നത്.