തിരുവനന്തപുരം: ഫെബ്രുവരി പകുതിയായപ്പോഴേക്കും കേരളം ചുട്ടുപൊള്ളുന്നു. കനത്ത ചൂടിൽ പുറത്തേയ്ക്ക് ഇറങ്ങാനാവാത്ത അവസ്ഥയാണ്. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി. ചൂട് ഇനിയും കൂടുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഉയർന്ന താപനില; 37.9 ഡിഗ്രി.

അതേസമയം സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്ഥാമാപിനികളിലെ വിവരമനുസരിച്ച് തൃശൂർ അതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർ ചെമ്പേരി എന്നിവിടങ്ങളിൽ 40 ഡിഗ്രിയോടടുത്തുമായിരുന്നു ഇന്നലെ ചൂട്. ഈ മാപിനികളിലെ താപനില കേന്ദ്ര കാലാവസ്ഥാവകുപ്പ് ഔദ്യോഗിക രേഖകളിൽ ചേർക്കാറില്ലെങ്കിലും അവരുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്താറുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും ചൂടുമായി ബന്ധപ്പെട്ട യെലോ അലർട്ട് പ്രഖ്യാപിച്ചു. താപനില 34 ഡിഗ്രി വരെ ഉയരാം. മറ്റു ജില്ലകളിലും ചൂട് 35 ഡിഗ്രിക്കു മുകളിലാണ്. മൂന്നാറിൽ 17.8 ഡിഗ്രി സെൽഷ്യസായിരുന്നു. മാർച്ച് പകുതിയോടെ മാത്രമാണു വേനൽമഴ പ്രതീക്ഷിക്കുന്നത് എന്നതിനാൽ അത്യുഷ്ണത്തെ നേരിടാനുള്ള കർമപദ്ധതികൾ ഇത്തവണ നേരത്തേ പ്രഖ്യാപിച്ചേക്കും.

പകൽ 11.00നും 3.00നും ഇടയിൽ വെയിലേൽക്കരുത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ മൂന്നു വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. പകൽ 11 മുതൽ മൂന്നു വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.