കൊച്ചി: ഡോക്ടറുടെ അക്കൗണ്ടിൽ നിന്നു 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളായ രാജസ്ഥാൻ സ്വദേശികളെ പാലാരിവട്ടം പൊലീസ് രാജസ്ഥാനിലെത്തി പിടികൂടി. പവൻ കുമാർ, ലോകേഷ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലാരിവട്ടം സ്വദേശിയായ ഡോക്ടറുടെ പേരിൽ തയ്വാനിലേക്ക് അയച്ച പാഴ്‌സലിൽ എം.ഡി.എം.എ. ഉണ്ടെന്നു പറഞ്ഞ് ഡോക്ടർക്ക് ഫോൺ വന്നു. പാഴ്‌സൽ അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ അതിൽ ഡോക്ടറുടെ പേരാണെന്നും മുംബൈയിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണെന്നും പറഞ്ഞു.

ഇത് വെരിഫൈ ചെയ്യണമെങ്കിൽ ഡോക്ടറുടെ അക്കൗണ്ട് പരിശോധിക്കണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് വീഡിയോ കോൾ വഴി മുംബൈ ക്രൈം ബ്രാഞ്ച് സംഘത്തിലെ അംഗങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറുടെ അക്കൗണ്ടിൽനിന്ന് 41 ലക്ഷം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു.കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായതോടെ ഡോക്ടർ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി ഏഴു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതികൾ രാജസ്ഥാൻ സ്വദേശികളാണെന്ന് വ്യക്തമായി. പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ മിഥുന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്‌ഐ.മാരായ കലേശൻ, അജിനാഥ് പിള്ള, സീനിയർ സി.പി.ഒ. അനീഷ്, ഇഗ്‌നേഷ്യസ് എന്നിവരെ രാജസ്ഥാനിലേക്ക് അയച്ചു. പ്രതികളായ പവൻ കുമാർ, ലോകേഷ് ഭട്ട് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് കൃത്യമായി പണം എത്തിയിട്ടുണ്ടെന്ന് മനസ്സിലാവുകയും ഇവരെ രാജസ്ഥാനിൽ എത്തി കണ്ടെത്തി പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.