കുമ്പള: സ്റ്റോപ്പിൽ യാത്രക്കാരനെ ഇറക്കാനായി നിർത്തിയതിനു പിന്നാലെ സ്വകാര്യ ബസിന്റെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കുണ്ടങ്കരടുക്കയിലെ അബ്ദുൾ റഹ്‌മാൻ (42) ആണ് മരിച്ചത്. പെർമുദയ്ക്കടുത്ത് ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. കാസർകോട്-ധർമത്തടുക്ക റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു.

ആൾ ഇറങ്ങിയതിനു പിന്നാലെ കണ്ടക്ടർ ഡബിൾബെൽ അടിച്ചിട്ടും ബസ് നീങ്ങാതിരുന്നതിനെത്തുടർന്ന് നോക്കിയപ്പോഴാണ് സ്റ്റീയറിങ്ങിന് മുകളിൽ കമിഴ്ന്ന് കിടക്കുന്നതായി കണ്ടത്. ഉടൻ മറ്റൊരു വാഹനത്തിൽ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ധർമത്തടുക്കയിൽനിന്ന് ബസ് പുറപ്പെടുമ്പോൾ നേരിയ നെഞ്ചുവേദനയുള്ളതായി കണ്ടക്ടറോട് പറഞ്ഞിരുന്നു.

കടയിൽനിന്ന് സോഡ വാങ്ങി കുടിച്ചാണ് യാത്ര തുടങ്ങിയത്. ഭാര്യ: സുഹ്‌റ. മകൻ മുഹമ്മദ് അർഫാദ്. സഹോദരങ്ങൾ: മുഹമ്മദലി, ബീഫാത്തിമ, നഫീസ, ഹവ്വമ്മ, ആത്തിക്ക.