- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യാ പദ്ധതിയിൽ ഫണ്ടില്ല; തിമിരശസ്ത്രക്രിയയിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിൻവലിയുന്നു
കണ്ണൂർ: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിവഴിയുള്ള തിമിരശസ്ത്രക്രിയയിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിൻവലിയുന്നു. കാരുണ്യയിൽ സർക്കാർ പണം അനുവദിക്കാതായതോടെ പല ആശുപത്രികളും ശസ്ത്രക്രിയ ചെയ്യുന്നത് നിർത്തി. മറ്റു ചില ആശുപത്രികൾ ശസ്ത്രക്രിയയുടെ എണ്ണം പകുതിയിൽ താഴെയാക്കി. 50-ലേറെ സ്വകാര്യ കണ്ണാസ്പത്രികൾക്ക് കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നൽകിയതു വഴി 25 കോടിയോളം രൂപ കുടിശ്ശികയുണ്ട്.
സംസ്ഥാനത്ത് ഒരുവർഷം രണ്ടുലക്ഷത്തിലധികം തിമിര ശസ്ത്രക്രിയകളാണ് ചെയ്യുന്നത്. ഇതിൽ നല്ലൊരു ഭാഗം കാരുണ്യ ഇൻഷുറൻസ് പദ്ധതി മുഖേനയാണ്. ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന കോഴിക്കോട്ടെ ഒരു ആശുപത്രിക്ക് മാത്രം അഞ്ചുകോടിയോളം കുടിശ്ശികയായിട്ടുണ്ട്. എങ്കിലും ഇവിടെ ഇപ്പോഴും ദിവസം 40-ഓളം ശസ്ത്രക്രിയ ചെയ്യുന്നുണ്ട്.
ചികിത്സച്ചെലവുകൾ താങ്ങാനാകാത്ത സാധാരണക്കാർക്ക് പദ്ധതി വലിയ സഹായമായിരുന്നു. എനനാൽ ഫണ്ടില്ലാതായതോടെ കാരുണ്യയെ ആശുപത്രികൾ കൈവിടുന്നതോടെ പാവങ്ങൾ ബുദ്ധിമുട്ടും. വലിയ കുടിശ്ശിക വരുന്നത് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നതായി സംസ്ഥാനത്തെ ആശുപത്രി ഉടമകൾ പറയുന്നു.
കാരുണ്യ
ദുർബലവിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നതിന് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നൽകുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി. എല്ലാ സാമൂഹികാരോഗ്യ ഇൻഷുറൻസ് പദ്ധതികളും സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരംഭിച്ചത്. ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകുകയാണ് ചെയ്യുന്നത്.