കൊല്ലം: കൊല്ലത്ത് മകൾ ആൺസുഹൃത്തിനൊപ്പം വീടുവിട്ട് പോയതിൽ മനംനൊന്ത് അച്ഛനും അമ്മയും ആത്മഹത്യ ചെയ്തത് കുറിപ്പെഴുതിയ ശേഷം. എന്തുവന്നാലും തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു ഇരുവരും ജീവനൊടുക്കിയത്. കൊല്ലം പാവുമ്പ കാളിയംചന്തയിലാണ് സംഭവം. കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബിന്ദു അന്ന് തന്നെ മരിച്ചു, ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

വ്യോമ സേനയിൽ ഉദ്യോഗസ്ഥനാണ് കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ള. മകൾ കാമുകനൊപ്പം പോയതോടെ ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. മകൾ പോയ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും എന്ത് വന്നാലും മകളെ മൃതദേഹം കാണിക്കരുതെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.

വ്യോമസേനയിൽ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മകൾ ആൺ സുഹൃത്തിനൊപ്പം പോകുന്നതും ഇതിൽ മനം നൊന്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും ജീവനൊടുക്കുന്നതും. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.