- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വിധി സിപിഎം ഗൂഢാലോചനയും പങ്കും അടിവരയിടുന്നത്; അപ്പീൽ നൽകാനുള്ള തീരുമാനത്തിന് യുഡിഎഫ് പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും കീഴ് കോടതി ഒഴിവാക്കിയതിൽ രണ്ടു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത ഹൈക്കോടതി വിധി സ്വാഗതാർഹവും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ സിപിഎമ്മിന്റെ ഗൂഢാലോചനയും പങ്കും അടിവരയിടുന്നതാണ് ഹൈക്കോടതി ഉത്തരവ്. ടി.പിയെ കൊലപ്പെടുത്തിയതിലൂടെ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയാ സംഘമാണ് സിപിഎമ്മെന്ന് വെളിപ്പെട്ടതാണ്. സിപിഎം ഉന്നത നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുകൊലയാളികൾക്ക് സംരക്ഷണം ഒരുക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
ശിക്ഷ ഹൈക്കോടതി ശരിവച്ച സാഹചര്യത്തിൽ കൊലയാളികൾക്ക് ജയിലിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതും അടിക്കടി പരോൾ അനുവദിക്കുന്നതും സർക്കാർ ഇനിയെങ്കിലും അവസാനിപ്പിക്കണം. സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെയും ആർ.എംപിയുടെയും തീരുമാനത്തിന് യു.ഡി.എഫ് പിന്തുണ നൽകും-സതീശൻ പറഞ്ഞു