കൂരാച്ചുണ്ട്: കക്കയത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് വാച്ചർക്ക് പരുക്കേറ്റു. കാട്ടാനകളെ തുരത്താൻ ഗുണ്ട് ഉപയോഗിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിയാണ് വനം വകുപ്പ് താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിന് (44) പരുക്കേറ്റത്. കൈപ്പത്തിക്കും, ചെവിക്കും പരുക്കുണ്ട്. മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും.

കക്കയം ദശരഥൻകടവിൽ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45ന് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ സ്‌ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ 14ന് ആനക്കൂട്ടത്തെ ഓടിക്കാൻ പടക്കമെറിഞ്ഞപ്പോൾ താൽക്കാലിക വാച്ചർ 30-ാം മൈൽ പുഴയരികിൽ സതീശനും കൈക്ക് പരുക്കേറ്റിരുന്നു.