തിരുവനന്തപുരം: മാലിന്യ സംസ്‌കരണ രംഗത്ത് യുവാക്കളുടെ ഇടപെടൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ്. 'യുത്ത് മീറ്റ്‌സ് ഹരിത കർമ്മ സേന' പ്രചരണ പരിപാടി കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവിയുടെ വാഗ്ദാനവും സമൂഹത്തിന്റെ കരുത്തുമായ യുവാക്കളെ ഒഴിച്ചുനിർത്തി മാറ്റം സാധ്യമാകില്ല. മാലിന്യമുക്ത നവകേരളം പ്രചരണ പരിപാടി മുന്നോട്ട് വച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് യുവശക്തിയെ വിനിയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യുവാക്കളുടെ ഇടപെടൽ സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

ഹരിത കർമ്മ സേന അംഗങ്ങളുടെ സേവനങ്ങളെ അഭിനന്ദിച്ച മന്ത്രി മാലിന്യം ശേഖരിക്കാൻ അവർ വീടുകളിൽ എത്തുമ്പോൾ സഹകരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേർത്തു. യുവാക്കളുടെ ഇടപെടലിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപഭോക്ത്യ ഫീസും കൊടുക്കാൻ തയ്യാറാകാത്ത വീട്ടുകാരും ആ സമീപനത്തിൽ മാറ്റം വരുത്തും.

യുവാക്കളുടെ സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സമൂഹത്തിൽ സ്വാധീനം ചെലുത്താനാണ് ശുചിത്വമിഷൻ ശ്രമം. മാലിന്യങ്ങൾ തരംതിരിക്കുക, ഉപഭോക്ത്യ ഫീസ് കൃത്യമായി അടയ്ക്കുക എന്നീ സാമൂഹിക ഉത്തരവാദിത്തങ്ങൾ വീടുകളിൽ നിറവേറ്റുന്നതിനും മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനും അത് സഹായിക്കും.

യൂത്ത് മീറ്റ്‌സ് ഹരിത കർമ്മ സേന പരിപാടിയിൽ ഓരോ ജില്ലയിൽ നിന്നും 100 യുവപ്രതിനിധികളും 25 ഹരിത കർമ്മ സേനാ പ്രവർത്തകരും സംബന്ധിക്കും. സംസ്ഥാന വ്യാപകമായി 1400 യുവാക്കളും 350 ഹരിത കർമ്മ സേനാ അംഗങ്ങളും പങ്കെടുക്കും.

സുസ്ഥിരമായ ജീവിത രീതിക്ക് മാതൃകാപരമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.