മലപ്പുറം: മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. മധ്യപ്രദേശ് സ്വദേശി ശങ്കറാണ് മരിച്ചത്. മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മഞ്ചേരി നഗര മധ്യത്തിലെ ഇടവഴിയിൽ ഇന്ന് രാവിലെയാണ് തല തകർന്ന് കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന വെട്ടുകല്ലുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.

സമീപത്തു നിന്നും കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയിൽ കാർഡും പൊലീസിന് കിട്ടി. പിന്നീട് പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് മലപ്പുറം എഎസ്‌പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

വൈകുന്നേരമാകുന്നതോടെ സാമൂഹ്യ വിരുദ്ധർ ഇവിടെ താവളമാക്കുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. പുലർച്ചെയോടെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തെ സി സിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.