തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ എടുത്തയാൾ മണിക്കൂറുകൾക്കുള്ളിൽ ആശുപത്രിയിൽ മരിച്ചു. പട്ടം മങ്ങന്നൂർക്കോണം അഞ്ജലിയിൽ പി.എസ്.സി.യിൽ അണ്ടർ സെക്രട്ടറിയായിരുന്ന സത്യകനാണ്(77) ജനറൽ ആശുപത്രിയിൽ മരിച്ചത്. കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാക്കളിലൊരാളും ജനറൽ സെക്രട്ടറിയുമായിരുന്നു. വീട്ടിലെ വളർത്തുപൂച്ചയുടെ കടിയേറ്റതിനെ തുടർന്നാണ് കുത്തിവയ്‌പ്പ് എടുക്കാൻ ആശുപത്രിയിലെത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിലെത്തിയതിനു പിന്നാലെ പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. അലർജിക്കുള്ള മരുന്ന് നൽകിയശേഷമാണ് വാക്സിൻ എടുത്തത്. വാക്സിൻ നൽകി കുറച്ചുകഴിഞ്ഞപ്പോൾ സത്യകന് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രി അധികൃതർ മെഡിക്കൽ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഫലവത്തായില്ല.

സംഭവത്തിൽ ബന്ധുക്കൾ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതിനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ: സി.ആർ.സീതാമണി അമ്മാൾ(റിട്ട. പി.എസ്.സി.). മകൻ: മഞ്ജിത് സത്യകൻ.