മൂന്നാർ: മൂന്നാർ ടൗണിൽ രണ്ടിടത്ത് കാട്ടുപോത്തിറങ്ങി. ഞായറാഴ്ച രാത്രി എട്ടിന് ബൊട്ടാണിക്കൽ ഗാർഡന് സമീപത്തും രാത്രി പതിനൊന്നോടെ പഴയ മൂന്നാർ സി.എസ്‌ഐ.പള്ളിക്ക് സമീപത്തുമാണ് കൂറ്റൻ കാട്ടുപോത്തിറങ്ങിയത്. കാട്ടുപോത്തിനെ കണ്ടതോടെ വിനോദസഞ്ചാരികൾ ഭയന്നോടി. ആർക്കും പരിക്കില്ല. ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചതിനുശേഷം തിരികെ വാഹനങ്ങളിൽ കയറാനായി റോഡിലെത്തിയവരുടെ മുൻപിലേക്കാണ് കാട്ടുപോത്ത് പാഞ്ഞെത്തിയത്.

സിഗ്‌നൽ പോയിന്റിന് സമീപത്തെ കാട്ടിൽനിന്നാണ് പോത്ത് എത്തിയതെന്ന് കരുതുന്നു. സെയ്ന്റ് മേരീസ് പള്ളിക്ക് സമീപത്തുകൂടി പോത്ത് കാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് പഴയ മൂന്നാർ സി.എസ്‌ഐ. പള്ളിക്ക് സമീപത്തും കാട്ടുപോത്ത് റോഡിലിറങ്ങി. ഏറെനേരം ദേശീയപാതയിലൂടെ നടന്ന പോത്ത് സമീപത്തെ സ്വകാര്യ റിസോർട്ടിന്റെ മുറ്റത്ത് നിലയുറപ്പിച്ചു. നാട്ടുകാർ ബഹളംവെച്ചതോടെ കാടുകയറി.

നാച്ചിവയലിൽ രണ്ടുപേരെ കാട്ടുപന്നി കുത്തിവീഴ്‌ത്തി

മറയൂർ: നാച്ചിവയൽ ഗ്രാമത്തിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപന്നി രണ്ടുപേരെ കുത്തിവീഴ്‌ത്തി. ഗ്രാമവാസികളായ ഹരി (മണികണ്ഠൻ-40), എസ്സാൻ(54) എന്നിവർക്കാണ് പരിക്ക്.

തിങ്കളാഴ്ച രാവിലെ ഏഴിനാണ് സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും ജോലിക്ക് പോകാനായി വീടിന് പുറത്തിറങ്ങുമ്പോഴാണ് പുറകിൽനിന്ന് ഓടിയെത്തിയ പന്നി എസ്സാനെ കുത്തിവീഴ്‌ത്തിയത്. തൊട്ടടുത്തുനിന്ന ഹരിയെയും ആക്രമിച്ചു.

പ്രദേശത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ് ഉൾപ്പെടെയുള്ളവരാണ് പന്നിയെ തുരത്തിഓടിച്ചത്. ഇരുവരെയും മറയൂർ സഹായഗിരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിക്ക് നെഞ്ചിനും കാലിനും പരിക്കേറ്റു. എസ്സാന് കാലിനാണ് പരിക്ക്. മുന്നൂറിലധികം വീടുകൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് നാച്ചിവയൽ. ഇവിടത്തെ കുട്ടികൾ ഉൾപ്പെടെയുള്ളവർ പന്നി വന്നപ്പോൾ വീടുകൾക്ക് പുറത്തുണ്ടായിരുന്നു.