തലശ്ശേരി: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 52കാരന് വിവിധ വകുപ്പുകളിലായി 53 വർഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു. കോളയാട് കണിയാൻപടി സ്വദേശി പ്രകാശനെയാണ് തലശ്ശേരി അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ട്വിറ്റി ജോസ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 25 വർഷം തടവിൽ കഴിയണം. രണ്ടു തവണയാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പിഴയടച്ചില്ലെങ്കിൽ ഒന്നേകാൽവർഷംകൂടി തടവനുഭവിക്കണം. പോക്‌സോ നിയമത്തിലെ രണ്ടുവകുപ്പുകൾ പ്രകാരം 25 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ഭീഷണിപ്പെടുത്തിയതിന് മൂന്നുവർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചാൽ തുക പെൺകുട്ടിക്ക് നൽകണം.

2019-2020 വർഷത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി. പേരാവൂർ ഇൻസ്പെക്ടറായായിരുന്ന പി.ബി. സജീവാണ് അന്വേഷണം നടത്തിയത്.