- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവക്കാട് ക്ഷേത്ര ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു; നാല് പേർക്ക് പരിക്കേറ്റു; ആന വിരണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി
തൃശ്ശൂർ: ചാവക്കാട് ബ്ലാങ്ങാട് ഭഗവതിക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞ ഓടിയതിനെ തുടർന്ന് നാല് പേർക്ക് പരിക്ക്. പാലക്കാട് വടക്കുംചേരി സ്വദേശികളായ കൊടിയ നിവാസിൽ അഭിഷേക് (19), പുത്തൻവീട് അജിൽ (19), പറമ്പിൽ കോടയിൽ കൃഷ്ണപ്രസാദ്(24), അഴീക്കോട് എമ്മാട്ട് ശ്രീജിത്ത് (27) എന്നിവർക്കാണ് പരിക്കേറ്റത്. കൊണാർക്ക് കണ്ണൻ, മീനാട് കേശു എന്നീ ആനകളാണ് ഇടഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.
എഴുന്നള്ളിപ്പിനിടെ തിടമ്പേറ്റിയിരുന്ന കൊണാർക്ക് കണ്ണൻ എന്ന ആന മീനാട് കേശു എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ കുത്തേറ്റ ആന പേടിച്ചാേടുകയായിരുന്നു. ഇതിനിടെ, ആനപ്പുറത്തുണ്ടായിരുന്നു മുഴുവൻ പേരും നിലത്തുവീണു.
വിരണ്ടോടിയെങ്കിലും ഈ ആന സമീപത്തെ റോഡ് മുറിച്ച് കടന്നുള്ള ഇറക്കത്തിൽ ശാന്തനായി നിന്നു. ഇതോടെ ആനയെ പെട്ടെന്ന് തന്നെ അനുനയിപ്പിക്കാൻ പാപ്പാന്മാർക്കായി. എന്നാൽ, കുത്തിയ കൊണാർക്ക് കണ്ണനെ ചങ്ങലയിൽ തളച്ചെങ്കിലും ആനയെ അനുനയിപ്പിച്ച് ലോറിയിൽ കയറ്റാൻ ഒന്നരമണിക്കൂറെടുത്തു. ഈ ആനയുടെ പുറത്തുണ്ടായിരുന്നവർ സമീപത്തുണ്ടായിരുന്ന ആൽമരത്തിന്റെ കൊമ്പിലേക്ക് ഊർന്നിറങ്ങിയാണ് രക്ഷപ്പെട്ടത്.
പരിക്കേറ്റ നാലു പേരെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ആന വിരണ്ടതോടെ ജനങ്ങളും പരിഭ്രാന്തരായി. ചാവക്കാട് പൊലീസ് സ്ഥലത്തെത്തിയിരുന്നു. മൂന്ന് ആനകളായിരുന്നു എഴുന്നള്ളിപ്പിനുണ്ടായിരുന്നത്. ഇതിൽ രണ്ട് ആനകൾ ഇടഞ്ഞതോടെ ഒരു ആനയെ വച്ച് ചടങ്ങ് പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ