മഞ്ചേരി: മൊബൈൽഫോൺ മോഷണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ മധ്യപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മഞ്ചേരിയിലെ കുത്തുകൽ റോഡിൽവച്ചായിരുന്നു കൊലപാതകം.

മധ്യപ്രദേശ് ബെതുൽ ജില്ലയിലെ ദംന്യയിൽ അനിൽ കസ്‌ദേകർ (34), ഗുർഗാവിലെ ഗോലു തമിദിൽക്കർ (25) എന്നിവരാണ് അറസ്റ്റിലായത്. ബെതുൽ ബേൽക്കുണ്ട് ബോത്തിയ റെയാട്ട് വില്ലേജിൽ നാംദേവിന്റെ മകൻ റാംശങ്കറിനെയാണ് (33) പ്രതികൾ കൊലപ്പെടുത്തിയത്.

പ്രതി ഗോലുവിന്റെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ റാംശങ്കർ മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു അക്രമം. ഞായറാഴ്‌ച്ച രാത്രി മഞ്ചേരി നിലമ്പൂർ റോഡിൽ നിൽക്കുകയായിരുന്ന റാംശങ്കറിനെ അനിലും ഗോലുവും കുത്തുകൽ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെ വെച്ച് മൊബൈൽ ഫോൺ എടുത്തതുസംബന്ധിച്ച് വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് താണിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന റാംശങ്കറിനെ അനിലും ഗോലും ചേർന്ന് അടിച്ചു വീഴ്‌ത്തുകയായിരുന്നു. നിലത്തുവീണ ശങ്കറിന്റെ തലയിലും നെഞ്ചിലും സമീപത്തുകിടന്ന വെട്ടുകല്ല് എടുത്തിട്ടതിന് ശേഷം ഇവർ രക്ഷപ്പെട്ടു.

സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുത്തുകല്ലിലെ താമസസ്ഥലത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തലക്കേറ്റ ഗുരുതരപരിക്കും തുടർന്നുണ്ടായ രക്തസ്രാവവുമാണ് റാംശങ്കറിന്റെ മരണ കാരണം. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.