ഹരിപ്പാട്: ഹരിപ്പാടു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പണവും സ്വർണവും അപഹരിക്കുകയും ചെയ്ത കേസിൽ റിമാൻഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കുമാരപുരം താമാല്ലക്കൽ സ്വദേശികളായ നിധിൻ നിവാസിൽ നിധിൻ രാമചന്ദ്രൻ, കൊച്ചു ചിങ്ങംതറയിൽ ശിവപ്രസാദ് (28), ചിറയിൽ വീട്ടിൽ രാഹുൽ ഷാജി (25), കൃഷ്ണകൃപയിൽ രാഹുൽ രാധാകൃഷ്ണൻ (30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ ആയിരുന്ന പ്രതികളിൽ കുമാരപുരം പൊത്തപ്പള്ളി പൂവള്ളിൽ വടക്കതിൽ അശ്വിനെ (23) നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. ഡാണാപ്പടിയിലെ ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കുമാരപുരം ശ്രീ ഭവനത്തിൽ ശ്രീജിത്തി(30)നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും രണ്ടു പവന്റെ സ്വർണ്ണമാലയും തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. പ്രതികൾ ബൈക്കിൽ തട്ടിക്കൊണ്ട് പോകുന്ന വഴി ശ്രീജിത്ത് ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെടുകയും സമീപത്തെ വീട്ടിൽ അഭയം തേടുകയും ചെയ്തിരുന്നു.

പിന്നാലെ പ്രതികൾ ഈ വീട്ടിൽ എത്തുകയും ശ്രീജിത്തിനെ വിട്ടുകൊടുക്കാത്തതിനെ തുടർന്ന് വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് വീട്ടുടമസ്ഥനും നാട്ടുകാരും ചേർന്ന് ശ്രീജിത്തിനെ ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചു. ദിവസങ്ങളോളം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീജിത്ത്. പ്രതികൾക്കെതിരെ കാപ്പാ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.