മൂന്നാർ: ഇടമലക്കുടിയിൽ ഗോത്രവർഗക്കാരുടെ കൃഷിയിടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. 50 ഏക്കർ ഭൂമിയിലെ ഏലക്കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഏലയ്ക്ക നഷ്ടപ്പെട്ടെന്നാണു കണക്ക്. ഷെഡ്ഡുകുടി, കണ്ടത്തിക്കുടി നിവാസികളായ പാർവതി, ശ്രീധരൻ, മഹാരാജ്, രാജു, തങ്കപ്പൻ എന്നിവരുടെ ഏലത്തോട്ടമാണ് 5 കാട്ടാനകളുടെ സംഘം ചവിട്ടി നശിപ്പിച്ചത്.

ഒരാഴ്ചയായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പകൽ സമയങ്ങളിൽ ഉൾപ്പെടെ കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്കു സമീപമുള്ള കൃഷിയിടത്തിൽ കറങ്ങി നടക്കുന്നതിനാൽ ഗോത്രവർഗക്കാർക്കു വീടുകൾക്കു പുറത്തിറങ്ങാനോ കൃഷിയിടത്തിലേക്കു പോകാനോ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ച മുൻപു സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് ഓഫിസും ട്രൈബൽ ഹോസ്റ്റലും കാട്ടാനക്കൂട്ടം തകർത്തിരുന്നു.