കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഏഷ്യയുടെ മലേഷ്യ, സിങ്കപ്പൂർ സർവ്വീസുകൾ
- Share
- Tweet
- Telegram
- LinkedIniiiii
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഏഷ്യ വിമാനം മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ഉടൻ പറന്നുയരും. കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് വഴി എയർ ഏഷ്യയുടെ യാത്ര സഫലമാകുന്നത്. 2000-ലാണ് കോഴിക്കോട് സർവീസിന് എയർ ഏഷ്യ ശ്രമം തുടങ്ങിയത്. അന്ന് അന്താരാഷ്ട്ര പദവിയില്ലെന്ന കാരണംപറഞ്ഞ് ആവശ്യം നിരാകരിക്കപ്പെട്ടു. 2006-ൽ അന്താരാഷ്ട്ര പദവി ലഭിച്ചു. എയർ ഏഷ്യ കോഴിക്കോട് സർവീസിന് വീണ്ടും ശ്രമങ്ങൾ തുടങ്ങിയെങ്കിലും കൊച്ചിയിലേക്കാണ് അനുമതി ലഭിച്ചത്.
ഇതോടെ കോഴിക്കോടിനു വേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും തുടങ്ങി. തുടർന്നും പല ഭാഗത്തുനിന്നും എയർ ഏഷ്യാ സർവീസിന് ശ്രമങ്ങൾ ഉണ്ടായെങ്കിലും അനുമതിയായില്ല. ഇതിനിടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തിക്കാൻ അധികൃതർ ശ്രമം തുടങ്ങി. എന്നാൽ എയർ ഏഷ്യ ഇതിൽ വലിയ താത്പര്യമെടുത്തില്ല.
ലോകത്തിലെത്തന്നെ ഏറ്റവും ചെലവു കുറഞ്ഞ വിമാനക്കമ്പനികളിലൊന്നാണ് എയർ ഏഷ്യ. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകവുമാണ് എയർ ഏഷ്യ. ഓഫ് സീസണിൽ 1000 രൂപ ടിക്കറ്റ് നിരക്കിൽ വരെ അന്താരാഷ്ട്രയാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട് ഇവർ. ഇതിനാൽത്തന്നെ കോഴിക്കോടിന്റെ യാത്രാമേഖല കൂടുതൽ മത്സരക്ഷമമാക്കാൻ പുതിയ സർവീസിന് സാധിക്കും. പൂർവേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും കണക്ഷൻ സർവീസുകൾവഴി യാത്രചെയ്യാനാകും. യാത്രക്കാർക്ക് ഇതുവഴി സാമ്പത്തികലാഭവും സമയലാഭവുമുണ്ടാകും.