- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്‌പി. നേതാവ് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ
നെടുങ്കണ്ടം: പൊതുപ്രവർത്തകനെ സ്വകാര്യ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർ.എസ്‌പി. ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി, നെടുങ്കണ്ടം മുല്ലവേലിൽ എം.എസ്.ഷാജി(48) ആണ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ചത്. വൃക്ക ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ വയറു വേദന അനുഭവപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.
കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ ഒരു ആശുപത്രിയിലാണ് ഷാജി വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വീട്ടിൽ വിശ്രമത്തിലായിരുന്ന ഇദ്ദേഹത്തിന് തിങ്കളാഴ്ച രാത്രിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഭാര്യ മിനി രാവിലെ ഭക്ഷണം വാങ്ങുന്നതിനായി കാന്റീനിൽ പോയി തിരികെ മുറിയിലെത്തിയപ്പോൾ ശൗചാലയം അടച്ച നിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ശൗചാലയം തുറന്നില്ല. ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. കെട്ടിടത്തിന്റെ പിന്നിലൂടെ കയറി പരിശോധിച്ച ജീവനക്കാരാണ് ഷാജിയെ ഷവറിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
ശൗചാലയത്തിന്റെ വാതിൽ തകർത്ത് അകത്തുകയറിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അക്ഷയ, അഭിജിത്ത് എന്നിവരാണ് മക്കൾ. മരുമകൻ: സന്ദീപ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.