- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തി മന്ത്രിതല യോഗം; ബ്രഹ്മപുരം തീപിടിത്തം ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതൽ നടപടികൾ: മന്ത്രി പി. രാജീവ്
കൊച്ചി: കഴിഞ്ഞ മാർച്ചിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി പി. രാജീവ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നേരിട്ട് വിലയിരുത്തി. പ്ലാന്റ് സന്ദർശിച്ച ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു.
തീപിടിത്തമുണ്ടായ സന്ദർഭത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. ബയോ മൈനിങ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂൺ മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങൾ മാറ്റാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങൾ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ എല്ലായിടത്തും എത്തിച്ചേരുന്നതിനുള്ള റോഡ് സൗകര്യം 85 ശതമാനം പൂർത്തിയാക്കി. ഉൾവശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. നിലവിൽ പൂർത്തിയായ റോഡുകളിൽ ഫയർ എൻജിൻ എത്തുന്നതിന് പര്യാപ്തമാണോ എന്ന് അടുത്ത ദിവസം പരിശോധിക്കും. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും ഉള്ളിലേക്കുള്ള ബാക്കിയുള്ള റോഡുകൾ നിർമ്മിക്കുക. 16 ടൺ, 25 ടൺ ഫയർ എൻജിനുകൾക്ക് റോഡ് പര്യാപ്തമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കും. 30 സ്ട്രീറ്റ് ലൈറ്റുകൾ രണ്ടാഴ്ചയ്ക്കകം കോർപ്പറേഷൻ സ്ഥാപിക്കും.
ടാങ്കുകളും ജലസംഭരണികളും ഹൈഡ്രന്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ അകത്തേക്ക് ഫയർ എൻജിനുകൾ ഓടിക്കേണ്ടി വരില്ല. അഞ്ച് ഹൈഡ്രന്റുകളാണ് നിലവിലുള്ളത്. ഇതിൽ മൂന്നെണ്ണമാണ് പ്രവർത്തിക്കുന്നത്. രണ്ടെണ്ണം രണ്ടു ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കും. 75 ലക്ഷം രൂപ ചെലവിൽ 12 ഹൈഡ്രന്റുകൾ അധികമായി സ്ഥാപിക്കും. മൊത്തം കവറേജിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം ഇവ സ്ഥാപിക്കും. നിലവിൽ 50,000 ലിറ്ററിന്റെ ഒരു ടാങ്കാണ് നിർമ്മിച്ചിട്ടുള്ളത്. 50000 ലിറ്ററിന്റെ മൂന്ന് ടാങ്കുകൾ കൂടി അടിയന്തരമായി നിർമ്മിക്കും. 2 ലക്ഷം ലിറ്റർ ജലം ശേഖരിക്കാൻ കഴിയും. മൂന്ന് മോട്ടോറുകൾ പ്രവർത്തിക്കുന്നുണ്ട്.
9 ക്യാമറകളും ബയോമൈനിംഗുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉൾപ്പടെ 21 ക്യാമറകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ക്യാമറകളുടെ ആക്സസ് ഫയറിനും പൊലീസിനും നൽകും. 25 ഫയർ വാച്ചർമാരെ കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്. നിലവിലുള്ള മാലിന്യങ്ങൾ നീക്കുന്നതിൽ കോർപ്പറേഷൻ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാഭരണകൂടവും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഫയർ വാച്ചർമാർക്കാവശ്യമായ പരിശീലനം 22 ന് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടക്കും. രണ്ട് ഹെൽത്ത് ഓഫീസർമാർ ഇതിന്റെ മേൽനോട്ടം വഹിക്കും. വെള്ളം നനയ്ക്കുന്നതിനായി അഞ്ച് ടീമുകളാണുള്ളത്. ഇതിന് അഞ്ചു ടീമുകളെ കൂടി നിയോഗിച്ച് 10 ടീമുകളെ ഏർപ്പെടുത്തും. വാച്ച് ടവർ നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. 80 ശതമാനം കവറേജ് വാച്ച് ടവറിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇവിടെ നിന്ന് കൃത്യമായ സന്ദേശങ്ങൾ നൽകുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ജൈവ മാലിന്യ സംസ്കരണത്തിനുള്ള 50 ടൺ ശേഷിയുള്ള രണ്ട് ബിഎസ്എഫ് പ്ലാന്റുകൾ മാർച്ചിൽ പ്രവർത്തനമാരംഭിക്കും. 100 ടൺ മാലിന്യം ഇതുവഴി സംസ്ക്കരിക്കാൻ കഴിയും. കോർപ്പറേഷന്റെ വിൻഡ്രോ പ്ലാന്റ് അറ്റകുറ്റപ്പണിയും ഉടൻ ആരംഭിക്കും. ഇവിടെയും 50 ടൺ മാലിന്യം സംസ്ക്കരിക്കാൻ കഴിയും.
ബിപിസിഎല്ലിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് ഒരു വർഷത്തിനകം പൂർത്തീകരിക്കും. കൺസൾട്ടന്റിനെ നിശ്ചയിച്ച് ഈയാഴ്ച തന്നെ ടെൻഡർ നൽകും. പ്ലാന്റ് പൂർത്തിയാകുന്നതോടെ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമാകും. ഈ പ്ലാന്റ് പൂർത്തിയാകുന്നതോടെ സമീപത്തെ നഗരസഭകളിൽ നിന്നുള്ള മാലിന്യവും ഇവിടെ സംസ്ക്കരിക്കാനാകും. ഇതിനായി ബിപിസിഎൽ, സംസ്ഥാന സർക്കാർ, കോർപ്പറേഷൻ, ബന്ധപ്പെട്ട നഗരസഭകൾ ട്രൈ പാർട്ടി എഗ്രിമെന്റ് തയാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിപിസിഎൽ പ്ലാന്റ് വരുന്നതോടെ അന്താരാഷ്ട് നിലവാരത്തിലുള്ള സംവിധാനത്തിലായിരിക്കും മാലിന്യ നീക്കം നടത്തുക.
എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രിമാർ, മേയർ, എംഎൽഎ, ജില്ലാ കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗം ചേരും.
ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ് കൺവീനറായി കോർ കമ്മിറ്റി രൂപീകരിച്ചു. കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ, ഹെൽത്ത് ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ഇറിഗേഷൻ, കെഎസ്ഇബി വകുപ്പുകളിലെ ഉദ്യോഗസ്ഥൻ, പൊലീസ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ബ്രഹ്മപുരം പ്ലാന്റിലെ പ്രവർത്തനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ കോർ കമ്മിറ്റി അവലോകനം ചെയ്യും. രണ്ടാഴ്ചയ്ക്ക് ശേഷം മോക്ക് ഡ്രിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മേയർ എം. അനിൽ കുമാർ, പി.വി. ശ്രീനിജിൻ എംഎൽഎ, ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനി, ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വാർഡ് കൗൺസിലർ ടി.എസ്. നവാസ്, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ, റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.