- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി മേഖലയിൽ വൻ കുതിപ്പിനായി കോഴിക്കോട്; രണ്ടാം നിര നഗരങ്ങളിൽ കോഴിക്കോടിനെ മുന്നിലെത്തിക്കാൻ കെടിഎക്സ് 2024
കോഴിക്കോട്: പരമ്പരാഗത ഐടി നഗരങ്ങൾ അടിസ്ഥാനസൗകര്യവികസനത്തിൽ വീർപ്പു മുട്ടുമ്പോൾ നാളെയുടെ ഐടി ഹബായി മാറാൻ കോഴിക്കോട് ഒരുങ്ങുന്നു. നൂതനത്വത്തിലും സാങ്കേതികവിദ്യയിലുമുള്ള മലബാറിന്റെ ക്രയശേഷി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതായിരിക്കും കെടിഎക്സ് 2024 ഉച്ചകോടി.
ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി. കോഴിക്കോട് സൈബർ പാർക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങൾ ചേർന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷൻ & ടെക്നോളജി ഇനിഷ്യേറ്റീവ്) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറായിരത്തിലധികം പ്രതിനിധികൾ, 200 ലേറെ പ്രദർശന സ്റ്റാളുകൾ, രാജ്യാന്തര പ്രശസ്തിയാർജ്ജിച്ച 100 ലേറെ പ്രഭാഷകർ തുടങ്ങിയവർ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ രണ്ട്, മൂന്ന് നിര നഗരങ്ങളിൽ ഐടി അധിഷ്ഠിത ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും പറ്റിയത് കോഴിക്കോടാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐടി നഗരമെന്ന നിലയ്ക്ക് കോഴിക്കോട് സ്വയം മുന്നോട്ടു വയ്ക്കുന്ന മേ?കൾ, വ്യവസായ സമൂഹത്തിന്റെ പിന്തുണ, വികസനത്തിനുള്ള സാധ്യതകൾ എന്നിവയെല്ലാം കെടിഎക്സ് 2024 ന്റെ പ്രത്യേകതയാണ്. ഐടി അധിഷ്ഠിത വ്യവസായത്തിലെ നിക്ഷേപ പദ്ധതിയുമായി വരുന്നവർക്ക് എന്തു കൊണ്ട് കോഴിക്കോട് എന്ന ചോദ്യത്തിന്റെ പ്രധാന ഉത്തരമാകും കെടിഎക്സ് 2024.
കേരളത്തിലെ ഐടി വ്യവസായത്തെ സംബന്ധിച്ചിടത്തോളം മലബാർ വളരെ പ്രധാനപ്പെട്ട മേഖലയാണെന്ന് ഐടി സെക്രട്ടറി രത്തൻ കേൽക്കർ പറഞ്ഞു. ഐടി വ്യവസായമേഖലയിൽ ടയർ രണ്ട്, മൂന്ന് വിഭാഗങ്ങളിലെ നഗരങ്ങൾക്ക് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുന്ന അവസരമാണിത്. പരമ്പരാഗത മെട്രോപോളിസുകൾക്ക് മാത്രം സ്വന്തമായിരുന്ന ഐടി വികസനത്തിൽ നിന്നും വ്യവസായലോകം മാറി ചിന്തിക്കുകയാണ്. ചെലവ് കുറഞ്ഞതും ഗുണമേ?യുള്ളതുമായ ഡിജിറ്റൽ ആൻഡ് ഇനൊവേഷൻ ഹബ് എന്ന നിലയിൽ ആഗോള ബിസിനസ് ഭൂപടത്തിൽ കോഴിക്കോട് സ്ഥാനമുറപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മലബാറിന്റെ ഐടി വികസനവുമായി ബന്ധപ്പെട്ട് ഒമ്പത് സ്ഥാപനങ്ങൾ ഒത്തു ചേർന്നാണ് കെടിഎക്സ് 2024 നടത്താനുള്ള കാലിക്കറ്റ് ഇനോവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ് എന്ന സൊസൈറ്റിക്ക് രൂപം നൽകിയതെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ(റിട്ട.) സഞ്ജീവ് നായർ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലെ മുൻനിര പ്രഭാഷകരെയും 6000 ലധികം പ്രൊഫഷണലുകളെയും കോഴിക്കോട് പോലുള്ള നഗരത്തിൽ ഒന്നിച്ചു ചേർത്തതിൽ ഇവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. എഐ, മെഷീൻ ലേണിങ്, എആർ/വിആർ മെറ്റാവേഴ്സ്, സ്റ്റാർട്ടപ്പുകൾ, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലും കെടിഎക്സ് ഊന്നൽ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെയും ഗൾഫ് മേഖലയിലെയും ഐടി മേഖലയിലെ സുപ്രധാന സഹകരണത്തിന് കെടിഎക്സ് 2024 നാന്ദി കുറിക്കുമെന്ന് കോഴിക്കോട് സൈബർപാർക്കിന്റെയും ഇൻഫോപാർക്ക് കൊച്ചിയുടെയും സിഇഒയായ സുശാന്ത് കുറുന്തിൽ പറഞ്ഞു. പരമ്പരാഗത എക്സ്പോയ്ക്കപ്പുറം, കോഴിക്കോട്ടും മലബാർ മേഖലയെക്കുറിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് സമഗ്രമായ ധാരണ നൽകുന്ന ഒരു ആഗോള ഇൻസൈറ്റ് ഹബ്ബായി ഇത് മാറും. ഈ മേഖലയിലെ പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ വാഗ്ദാനം ചെയ്യുന്ന വേദിയായും കെടിഎക്സ് മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മലബാർ ചേംബർ ഓഫ് കോമേഴ്സ് മുൻകൈ എടുത്ത്, കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി (സിഎഎഫ്ഐടി), ഐഐഎം കോഴിക്കോട്, എൻഐടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്)- കേരള, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ (സിഎംഎ), യുഎൽ സൈബർ പാർക്ക്, കോഴിക്കോട് (യുഎൽസിസി), ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോട് എന്നിങ്ങനെ പ്രമുഖ പ്രൈവറ്റ്, ഗവൺമെന്റ് സ്ഥാപനങ്ങളുടെ ഭാഗമായ ഒരു രജിസ്റ്റഡ് സൊസൈറ്റിയാണ് സിഐടിഐ 2.0.
സീമെൻസ്, ടാറ്റ എൽക്സി, യുബർ, ആമസോൺ പേ, ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്, ട്രസ്റ്റോണിക് ഇന്ത്യ, സഫിൻ, ടെറുമോ പെൻപോൾ, വോണ്യൂ. ഐഐഎം കോഴിക്കോട്, ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ - എൻഐടി കോഴിക്കോട്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള നോളഡ്ജ് മിഷൻ, മലബാർ എയ്ഞ്ജൽ നെറ്റ് വർക്ക് തുടങ്ങിയ സ്ഥാപനങ്ങളും പ്രമുഖ കമ്പനികളിൽ നിന്നുള്ള മറ്റ് പ്രമുഖരും സാങ്കേതിക രംഗത്തെ പ്രഗത്ഭരും ഉച്ചകോടിയിൽ പങ്കെടുക്കും.