അടൂർ: പത്തനംതിട്ടയിൽ ഇലക്ട്രിക് സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവിനിടെ കത്തി നശിച്ചു. ഓല കമ്പനിയുടെ സ്‌കൂട്ടറാണ് ഓടിക്കൊണ്ടിരിക്കെ നിന്ന് കത്തിയത്. അടൂർ പറന്തലിൽ വച്ചാണ് സംഭവം. അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്. ഓടികൊണ്ടിരിക്കെ പുക ഉയർന്നതോടെ ജീവനക്കാർ വാഹനം നിർത്തി ഓടി രക്ഷപെടുകയായിരുന്നു.

രണ്ട് ജീവനക്കാരാണ് ടെസ്റ്റ് ഡ്രൈവിനായി സ്‌കൂട്ടർ കൊണ്ടുപോയത്. അപകട സാധ്യത തോന്നിയതോടെ ഇവർ വാഹനം നിർത്തി ഓടി മാറുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറിന് തീ പർടന്ന് പിടിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അടൂർ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഈ മാസം ആദ്യം കോഴിക്കോടും ഒരു ഇലക്ട്കിക് സ്‌കൂട്ടറിന് തീ പിടിച്ചിരുന്നു. താമരശ്ശേരിയിൽ ആണ് നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചത്. പൂനൂർ ചീനി മുക്കിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടർ ആണ് തീപിടിച്ചത്. ചീനി മുക്കിലെ മെഡിക്കൽ ഭാരത് മെഡിക്കൽസ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.

ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. സ്ഥാപനത്തിന് മുൻപിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ പടർന്ന് പിടിച്ചു. ഒന്നര ലക്ഷം രൂപ വിലവരുന്ന കൊമാകി കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്.