കണ്ണൂർ: കളക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ടു പൊതുമുതൽ നശിപ്പിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇടതു യുവജന സംഘടനാപ്രവർത്തകനായ യുവാവ് കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിലായി. കാപ്പാട് പെരിക്കാട്ടെ പ്രജിൻ അരയാക്കണ്ടിയാണ്(34)മട്ടന്നൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു കണ്ണൂർ ടൗൺ പൊലിസിന് കൈമാറിയത്.

നേരത്തെ വിദേശത്തേക്ക് മുങ്ങിയതിനെ തുടർന്ന് പൊലിസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. 2021- മാർച്ച് 21-ന് പെൻഷൻ പ്രായം വർധിപ്പിച്ചതിനെതിരെ ഇടതു യുവജനസംഘടനയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി കളക്ടറേറ്റ് വളയൽ സമരത്തിനിടെ പൊലിസിനെ അക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങിയ ഇയാൾ ചൊവ്വാഴ്‌ച്ച പുലർച്ചെ ദുബായിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസിൽ വന്നിറങ്ങിയതായിരുന്നു. എയർപോർട്ട് പൊലിസിന് കൈമാറിയ ഇയാളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു കൊണ്ടു പോയി.