കണ്ണൂർ: കർഷകരെ മലയോര മേഖലകളിൽ നിന്നും ഓടിക്കാൻ ഗൂഢാലോചന നടക്കുന്നതായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മലയോരമേഖലയിലെ കർഷകരുടെ സംരക്ഷണത്തിനായി സിറോ മലബാർ സഭ ഏതറ്റം വരെയും പ്രക്ഷോഭം നടത്തുമെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനി വിശദീകരിച്ചു.

അടുത്ത തെരഞ്ഞെടുപ്പിൽ കർഷകർ പ്രതിഷേധ സൂചകമായി തങ്ങളുടെ വോട്ടവകാശം, സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ രേഖപ്പെടുത്തുമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. കേരളത്തിൽ വനവിസ്തൃതി ഓരോ വർഷവും വർധിച്ചു വരികയാണ്. പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മാത്രം നൽകുന്ന നവകിരണം പദ്ധതി നടപ്പാക്കി കുടിയേറ്റ കർഷകരെ ഹൈറേഞ്ച് വിട്ടുപോകാൻ സർക്കാർ നിർബന്ധിക്കുകയാണ്. വനവിസ്തൃതി വർധിപ്പിക്കുന്നതിനും കാർബൺ ഫണ്ട് സമ്പാദിക്കുന്നതിനുമായി കർഷകരെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയമുണ്ട്-ബിഷപ്പ് പാംപ്ലാനി പറയുന്നു.

ഞങ്ങൾക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ല. റബർ കർഷകരുടെ ആശങ്കകൾ ഉന്നയിച്ചപ്പോൾ അതിന് രാഷ്ട്രീയ നിറം നൽകാൻ ചിലർ ശ്രമിച്ചു. കർഷകരുടെ പ്രശ്‌നത്തിന് രാഷ്ട്രീയ നിറം നൽകി തുരങ്കം വയ്ക്കാനാണ് അവർ ശ്രമിച്ചത്. കർഷകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നവരെ മാത്രമേ ഞങ്ങൾ പിന്തുണയ്ക്കൂവെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു.

വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ വർധിക്കുന്നതിൽ ബിഷപ്പ് പാംപ്ലാനി ആശങ്ക രേഖപ്പെടുത്തി. വനത്തിന്റെ വാഹകശേഷിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ ഫിൽട്ടർ വേട്ട നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ആനയ്ക്ക് 20 ചതുരശ്ര കിലോമീറ്റർ പ്രദേശം ആവശ്യമാണ്. എന്നാൽ കേരളത്തിൽ ഓരോ ആനയ്ക്കും 1.8 ചതുരശ്ര കിലോമീറ്റർ മാത്രമാണുള്ളത്.