കോഴിക്കോട് : ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 13-ാം പ്രതിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ. ലീഗ് നേതാവായ ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകൾ ഷബ്ന മനോഹരൻ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും ആരോപിച്ചു. ടിപി കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചതു ഭക്ഷ്യവിഷബാധയേറ്റാണെന്ന് ഷാജി ആരോപിച്ചിരുന്നു. ഇതിനാണ് ഷബ്‌നയുടെ മറുപടി.

''കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയില്ല. അൾസർ മൂർച്ഛിച്ചാണു അച്ഛൻ മരിച്ചത്. അദ്ദേഹത്തിനു മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാരാണ്. അതിനാലാണ് അൾസർ ഗുരുതരമായതും. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു'' ഷബ്‌ന പറഞ്ഞു. ഷബ്‌നയുടെ വാക്കുളെ തുണയാക്കി ആരോപണത്തെ പ്രതിരോധിക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമാണ് മകളുടെ പ്രതികരണം.

ഗുരുതര ആരോപണമാണ് ഷാജി ഉന്നയിച്ചത്. ''കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും, കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസൽ വധക്കേസിലെ 3 പേരും കൊല്ലപ്പെട്ടു. കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും'' ഷാജി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ചയാക്കാനാണ് യുഡിഎഫ് ശ്രമം. ഇത് മനസ്സിലാക്കിയാണ് സിപിഎം പ്രതിരോധത്തിന് എത്തുന്നത്.

കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണു മരിച്ചത്. അസുഖത്തെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ കുഞ്ഞനന്തനു പങ്കില്ലെന്ന നിലപാടാണു സിപിഎം നേതൃത്വം സ്വീകരിച്ചത്.

കുഞ്ഞനന്തന് അസുഖം വരുമ്പോൾ യുഡിഎഫ് സർക്കാരായിരുന്നു അധികാരത്തിൽ. അത് പരമാവധി ചർച്ചയാക്കാനാണ് സിപിഎം ശ്രമം.