- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേനീച്ചക്കൂടിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തർക്കം; സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി ആശുപത്രിയിൽ
തിരുവനന്തപുരം: വെള്ളറട ഇമ്മാനുവൽ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനം. കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നെയ്യാറ്റിൻകര സ്വദേശി മനു എസ്.കുമാറിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റത്. മർദനമേറ്റ വിദ്യാർത്ഥി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. റാഗിങ്ങിന്റെ ഭാഗമായി പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം തേനീച്ചക്കൂടിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട്ടിൽ പേപ്പർ ചുരട്ടി എറിയുകയും തുടർന്ന് തേനീച്ചകൾ മറ്റു വിദ്യാർത്ഥികളെ ഉപദ്രവിച്ചെന്നും ആരോപിച്ചാണ് സീനിയർ വിദ്യാർത്ഥികൾ ആദ്യം മർദിച്ചത്. തുടർന്ന് അദ്ധ്യാപികയെ കാണാൻ പോയ മനുവിനെയും സുഹൃത്തിനെയും സീനിയർ വിദ്യാർത്ഥികൾ തടഞ്ഞു വെക്കുകയും അസഭ്യം വിളിക്കുകയും വളഞ്ഞിട്ടു മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.
മനുവിന്റെ ഷർട്ടു വലിച്ചു കീറുകയും തുടർന്ന് മുട്ടുകാലിൽ നിർത്തിയ ശേഷവും ക്രൂരമായി മർദ്ദിച്ചെന്നും മനു പറയുന്നു. ഇതു കണ്ട മനുവിന്റെ സുഹൃത്തായ അമൽ ടീച്ചറെ വിവരം അറിയിച്ചു. ടീച്ചറും രണ്ടാം വർഷ വിദ്യാർത്ഥികളും എത്തിയാണ് മനുവിനെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്.
വീട്ടിലെത്തിയ മനുവിന് ശരീരവേദനയും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര ജനൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മനുവിന്റെ രക്ഷിതാവ് ആര്യങ്കോട് പൊലീസിലും പരാതി നൽകി. ബി കോം അവസാന വർഷ വിദ്യാർത്ഥികളായ അൻസൽ, പ്രണവ് എന്നിവർക്ക് പുറമേ കണ്ടാൽ അറിയാവുന്ന 13 പേർക്കെതിരെ അര്യങ്കോട് പൊലീസ് കേസെടുത്തു.