കാഞ്ഞങ്ങാട്: ഇംഗ്ലണ്ടിലെ സർവ്വകലാശാലയിൽ ഗവേഷണം ചെയ്യാൻ കാഞ്ഞങ്ങാട് സ്വദേശിനിക്ക് രണ്ട് കോടി രൂപയുടെ ഫെലോഷിപ്പ്. പടന്നക്കാട്ടെ ബി. അമൃതപ്രിയയ്ക്കാണ് ഇംഗ്ലണ്ട് നോർവിച്ചിലുള്ള ഈസ്റ്റ് ആൻഗ്ലിയ സർവകലാശാലയിൽനിന്ന് ഗവേഷണപഠന ഫെലോഷിപ്പ് ലഭിച്ചത്. മോളിക്യുലാർ എൻഡമോളജിയിൽ പിഎച്ച്.ഡി. ചെയ്യാനാണ് അമൃത പ്രിയയ്ക്ക് അവസരം ഒരുങ്ങിയിരിക്കുന്നത്.

കുഞ്ഞുന്നാൾ മുതൽ തന്നെ പഠിക്കാൻ മിടുമിടുക്കിയായിരുന്നു അമൃതപ്രിയ. മോളിക്യുലാർ എൻഡമോളജിയിൽ പിഎച്ച്.ഡി. ചെയ്യാമഹരാഷ്ട്ര കാർഷിക സർവകലാശാലയിൽനിന്ന് എം.എസ്സി. എൻഡമോളജി പൂർത്തിയാക്കിയ അമൃതപ്രിയയ്ക്ക് മികച്ച വിദ്യാർത്ഥിക്കുള്ള സ്വർണമെഡൽ ലഭിച്ചിരുന്നു. ഇതുൾപ്പെടെ എട്ടുസ്വർണമെഡലുകളാണ് അമൃതപ്രിയ സ്വന്തമാക്കിയത്. കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തിലും ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലുമായി പന്ത്രണ്ടാംതരം വരെയും തമിഴ്‌നാട് കാർഷിക സർവകലാശാലയിൽനിന്ന് ബിരുദവും നേടി.

ഐ.സി.എ.ആർ ഫെലോഷിപ്പോടെയാണ് എം.എസ്സി. എൻഡമോളജിയിൽ പഠനം പൂർത്തിയാക്കിയത്. എൻഡമോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയതലത്തിൽ ബെംഗളൂരുവിൽ നടത്തിയ സ്റ്റുഡന്റ്സ് കോൺക്ലേവിലേക്ക് അമൃതപ്രിയയുടെ പ്രബന്ധം തിരഞ്ഞെടുത്തിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എ. മുരളീധരന്റെയും കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപിക എ.സി. ബിന്ദുവിന്റെയും മകളാണ്. സഹോദരി ആതിര മുരളീധരൻ ലണ്ടനിൽ സോഫ്റ്റ്‌വേർ എൻജിനിയറാണ്.