- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇല്ല; ഇടുക്കി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ മിന്നൽസമരം
ചെറുതോണി: പഠനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മിന്നൽസമരം നടന്നു. ഒന്നുംരണ്ടും ബാച്ചുകളിലെ 200 വിദ്യാർത്ഥികളാണ് സമരത്തിനിറങ്ങിയത്.
ഓഫീസിലേക്കെത്തിയ ജീവനക്കാരെ വിദ്യാർത്ഥികൾ തടഞ്ഞു. നേരത്തേ ചില ജീവനക്കാർ അകത്ത് പ്രവേശിച്ചത് മനസ്സിലാക്കിയ വിദ്യാർത്ഥികൾ പൊലീസ് വലയം ഭേദിച്ച് അകത്തേക്ക് തള്ളിക്കയറി. വീണ്ടും പുറത്തെത്തി സമരംചെയ്ത വിദ്യാർത്ഥികളുമായി ഏറെനേരം കഴിഞ്ഞാണ് കോളേജ് അധികൃതർ ചർച്ചക്ക് തയ്യാറായത്. ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായിട്ടില്ല. ലാബ് സൗകര്യങ്ങൾ ഇല്ല. കോളേജിലെ റോഡുകൾപോലും പൂർത്തിയായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞവർഷവും വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു.
പ്രിൻസിപ്പൽ ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അധികൃതരും വിദ്യാർത്ഥി നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന് താത്കാലികമായി സമരം അവസാനിപ്പിച്ചു. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സർക്കാർനടപടി എടുത്തിട്ടുണ്ടെന്ന് ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു. ഉറപ്പ് ലംഘിച്ചാൽ ഒരാഴ്ചക്കുശേഷം വീണ്ടും സമരം ആരംഭിക്കുമെന്ന് വിദ്യാർത്ഥിനേതാക്കൾ പറഞ്ഞു.
ഹോസ്റ്റൽ പൂർത്തീകരിക്കുന്നതിനും മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമ്മാണ കമ്പനിയായ കിറ്റ്കോയുമായി സംസാരിക്കും. കൂടുതൽ ലാബുകൾ സജ്ജമാക്കുവാനും മറ്റും സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് വിദ്യാർത്ഥി പ്രതിനിധി ഹരികുമാർ പറഞ്ഞു.