ആലപ്പുഴ: ആലപ്പുഴ കാട്ടൂർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു. അദ്ധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. കുട്ടിയുടെ മരണത്തിൽ അദ്ധ്യാപകർ കുറ്റക്കാരാണെന്നു കണ്ടാൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ രൂപത പി.ആർ.ഒ. ഫാ. സേവ്യർ കുടിയാംശ്ശേരി അറിയിച്ചു.

കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി എ.എം. പ്രജിത്ത് ആണ് അദ്ധ്യാപകരുടെ പെരുമാറ്റത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. 2023 ഫെബ്രുവരി 15-ന് എട്ടാമത്തെ പീരിയഡ് ക്ലാസ് തുടങ്ങി 10 മിനിറ്റുകഴിഞ്ഞിട്ടും പ്രജിത്തും മറ്റൊരു കുട്ടിയും ക്ലാസിൽ എത്തിയില്ല. അദ്ധ്യാപകർ കുട്ടികളെ അന്വേഷിച്ചു നടന്നിട്ടും കണ്ടെത്താനായില്ല. തുടർന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു. ഇതുകേട്ടയുടൻ കുട്ടികൾ ഓഫീസിനു മുന്നിലെത്തി കാര്യംപറഞ്ഞു. പ്രജിത്തിന്റെ കൂടെയുണ്ടായിരുന്ന കുട്ടി തലചുറ്റിവീണപ്പോൾ വെള്ളം കൊടുക്കുകയും കൂട്ടിരിക്കുകയും ചെയ്‌തെന്നായിരുന്നു വിശദീകരണം.

അടുത്തദിവസം മാതാപിതാക്കളോടൊപ്പം വന്നാൽമതിയെന്ന് രണ്ടുകുട്ടികളോടും ക്ലാസ് ടീച്ചർ പറഞ്ഞു. തലചുറ്റിവീണപ്പോൾ മാതാപിതാക്കളെ വിളിപ്പിച്ചു കൂടെവിട്ടു. സ്‌കൂൾവിട്ടപ്പോൾ പ്രജിത്ത് പതിവുപോലെ വീട്ടിലേക്കു പോയി. വീട്ടിൽച്ചെന്ന് പ്രജിത്ത് ഇങ്ങനെയൊരു കടുംകൈചെയ്യുമെന്നു കരുതിയില്ല -രൂപത അറിയിച്ചു. സംഭവശേഷം അദ്ധ്യാപക കൗൺസിലും പി.ടി.എ.യോഗവും ചേർന്ന് അന്വേഷണ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ടെന്നും രൂപത പി.ആർ.ഒ. പത്രക്കുറിപ്പിൽ വ്യക്തമാക്കി.