ന്യുഡൽഹി: ബംഗാളിലെ പൊതുവിതരണ സമ്പ്രാദായത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്ററെ ആറ് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. ഈ മാസം 29ന്‌ േചാദ്യം ചെയ്യലിന് ഹാജരാകാൻ ഷാജഹാന് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ഇന്നത്തെ പരിശോധന. കേന്ദ്ര സേനയുടെ അകമ്പടിയോടെയാണ് പരിശോധന പുരോഗമിക്കുന്നത്.

കഴിഞ്ഞ മാസവും ഈ കേസുമായി ബന്ധപ്പെട്ട് വിവിവിധ കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഷാജഹാന്റെ സന്ദേശ്ഖാലിയിലെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ സമയം ഇ.ഡി ഉദ്യോഗസ്ഥരെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ച സംഭവവുമുണ്ടായി. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കേന്ദ്രസേനയുടെ പിൻബലത്തിലാണ് പിന്നീട് പരിശോധന നടന്നത്.

റേഷൻ അഴിമതിയിൽ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ജ്യോതിപ്രിയ മല്ലിക്കിനെ കഴിഞ്ഞ ഒക്ടോബറിൽ ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഷാജഹാൻ എവിടെയാണെന്ന് കണ്ടെത്താൻ ഇ.ഡിക്കോ പൊലീസിനൊ കഴിഞ്ഞിട്ടില്ല.