കോഴിക്കോട്: സിപിഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പ്രതികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദൻ.

വളരെ ആകസ്മികമായി ഉണ്ടായ കൊലപാതകമാണിത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശക്തികളെയും പുറത്തുകൊണ്ടുവരാൻ കഴിയണം. സത്യനാഥനെ ആക്രമിച്ച അഭിലാഷ് പാർട്ടി മെമ്പറായിരുന്നു. പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തെറ്റായ പ്രവർത്തനങ്ങൾക്ക് വിധേയനായപ്പോൾ പാർട്ടി ഇയാളെ പുറത്താക്കിയതാണ്. പിന്നീട് ഗൾഫിൽ പോയി തിരിച്ചുവന്ന ശേഷവും ഇയാൾ തെറ്റായ നിലപാടുകളാണ് സ്വീകരിച്ചത്. നിലവിൽ അഭിലാഷിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. വ്യക്തിപരമായി ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. സത്യനാഥനെതിരെ വലിയ പക ഇയാൾ മനസിൽ കൊണ്ടുനടന്നിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്ന് രാത്രിയാണ് സത്യനാഥന്റെ ശവ സംസ്‌കാരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകീട്ട് മൂന്ന് മണിയോടെ കൊയിലാണ്ടിയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വീട്ടിൽ സംസ്‌കാരം നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.