കോട്ടയം: പൊന്നാനിയിൽ ലോക്‌സഭ സ്ഥാനാർത്ഥിയായി സിപിഎം ചുമക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ അപമാനിച്ച കെ.എസ്. ഹംസയെ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയനെ കുത്തിന് പിടിച്ച് പുറത്താക്കണമെന്നും കേരളത്തിന് നാണക്കേടാണെന്നും പറഞ്ഞ കെ.എസ് ഹംസയെയാണ് പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.

ഇക്കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് ഹംസയും പിണറായിയെ അപമാനിച്ച ഹംസയെ ചുമക്കാൻ തയാറാണോയെന്ന് സിപിഎമ്മും വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിൽനിന്ന് പുറത്താക്കിയ കെ.എസ്. ഹംസയെ പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. നേരത്തെ കെ.ടി.ജലീൽ എംഎ‍ൽഎ. അടക്കമുള്ളവരുടെ പേരുകൾ പൊന്നാനിയിലെ സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്നുകേട്ടിരുന്നു. എന്നാൽ, തീർത്തും അപ്രതീക്ഷിതമായാണ് മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഹംസയെ പൊന്നാനിയിൽ മത്സരിപ്പിക്കാനുള്ള തീരുമാനം വന്നത്.

ലാവ്ലിൻ കേസ് അന്തിമതീർപ്പിനായി മെയ് ഒന്നിന് സുപ്രീംകോടതിയും കിഫ്ബി മസാല ബോണ്ട് ഇടപാട് ഈ മാസം 27നും 28നും ഇഡിയും പരിഗണിക്കുന്ന സാഹചര്യത്തിലാണ് ലാവ്ലിൻ കേസിലെ സാക്ഷിയും കിഫ്ബി സിഇഒയുമായ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രാഹാമിന് കാബിനറ്റ് റാങ്ക് പദവി നൽകിയത്. ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് കാബിനറ്റ് പദവി നൽകുന്നത് നിർണായകമായ രണ്ടു കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യകവചം തീർക്കാനാണ്.

സംസ്ഥാന ഖജനാവിൽ നിന്ന് ഭാരിച്ച പണം ചെലവഴിച്ചാണ് മുഖ്യമന്ത്രി സ്വന്തം തടി സംരക്ഷിക്കാൻ നോക്കുന്നത്. കെ.എം. എബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം കിഫ്ബി സിഇഒ ആയി നിയമിക്കപ്പെട്ടപ്പോൾ പെൻഷൻ തുക കുറച്ച ശേഷമാണ് പുതിയ തസ്തികയിൽ ശമ്പളം നൽകേണ്ടിയിരുന്നത്. എന്നാൽ, ചീഫ് സെക്രട്ടറിയെന്ന നിലയിൽ ലഭിച്ചിരുന്ന 2.25 ലക്ഷം രൂപയേക്കാൾ അരലക്ഷം രൂപ കൂട്ടി 2.75 ലക്ഷം രൂപയാണ് ശമ്പളം നൽകിയത്. 2019 മുതൽ എല്ലാവർഷവും 10 ശതമാനം വർധനയുമുണ്ട്. ഇതിനു പുറമേയാണ് ഇപ്പോൾ കാബിനറ്റ് പദവി നൽകിയത്. മന്ത്രിമാർക്ക് സമാനമായ ആനുകൂല്യങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ സമാഹരിച്ചത് 9.723 ശതമാനം എന്ന കൊള്ളപ്പലിശക്കായിരുന്നു. ഇത് ആഭ്യന്തര വിപണിയിലെ പലിശയേക്കാൾ വളരെ കൂടുതലായിരുന്നു. വിദേശത്ത് മസാല ബോണ്ട് വാങ്ങിക്കൂട്ടിയത് ലാവ്ലിൻ കമ്പനിയുമായി അടുത്ത ബന്ധമുള്ള സി.ഡി.പി.ക്യൂ. എന്ന കമ്പനിയാണ്. മസാല ബോണ്ട് ഇടപാടിൽ കിഫ്ബി ഉദ്യോഗസ്ഥർ ഈ മാസം 27, 28 തീയതികളിലാണ് ഇ.ഡിക്കു മുന്നിൽ ഹാജരാകേണ്ടത്.

ലാവ്ലിൻ കേസിൽ 72-ാം സാക്ഷിയായി മുഖ്യമന്ത്രിക്കെതിരേ മൊഴി കൊടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ സ്വാധീനിക്കാൻ വിരമിച്ച ഉടനേ കിഫ്ബി സിഇഒ ആയി നിയമിച്ചതെന്ന് ആക്ഷേപമുണ്ട്. ലാവ്ലിൻ കേസ് അന്തിമ നടപടികളിലേക്കു നീങ്ങുമ്പോൾ അദ്ദേഹത്തിന്റെ സഹായം പിണറായി വിജയന് അനിവാര്യമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.