കുന്നംകുളം: കളിപ്പാട്ടം വാഗ്ദാനം ചെയ്ത് ഏഴുവയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് എട്ടുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുന്നയൂർക്കുളം പാപ്പാളി ബീച്ചിൽ കണ്ണൊത്തു വീട്ടിൽ അനീഷിനെയാണ് (31) കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡജ് എസ്. ലിഷ ശിക്ഷിച്ചത്.

2022ലാണ് കേസിനാസ്പദമായ സംഭവം. അനീഷ് നടത്തിയ അതിക്രമം കുട്ടി വീട്ടിൽ പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ വടക്കേക്കാട് പൊലീസാണ് കേസെടുത്തത്. എസ്‌ഐ. പി.ആർ. രാജീവ്, ആർ.പി. സുജിത്ത്, എസ്.സി.പി.ഒ. ബിന്ദു എന്നിവരാണ് കേസ് അന്വേഷിച്ചത്.

കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രൻ, സി.പി.ഒ. രതീഷ് എന്നിവർ സഹായികളായി.