തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണ കനിവ് 108 ആംബുലൻസിന്റെ ബൈക്ക് ഫസ്റ്റ് റസ്പൊണ്ടെർ കൂടി വിന്യസിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നത്. ആറ്റുകാൽ ക്ഷേത്രവും സമീപ പ്രദേശങ്ങളിലും ഇതിന്റെ സേവനം ലഭ്യമാക്കും. പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെനീഷ്യൻ ആയിരിക്കും ഇതിൽ ഉണ്ടാകുക. വൈദ്യ സഹായം വേണ്ടവരുടെ സമീപം എത്തി പ്രഥമ ശുശ്രൂഷ നൽകുകയും തുടർന്ന് ആവശ്യമെങ്കിൽ മാത്രം ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റും. ഇതിന് പുറമെ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഒരു ഐ.സി.യു ആംബുലൻസും വിന്യസിക്കും.

ഇതുകൂടാതെ ആറ്റുകാൽ ക്ഷേത്ര പരിസരം, അമ്മൻകോവിൽ റോഡ്, കിള്ളിപാലം, ചിറമുക്ക്, കൊഞ്ചിറവിള, ഐരാണിമുട്ടം, കമലേശ്വരം, മുട്ടത്തറ, മേട്ടുക്കട, കരമന, ഓവർ ബ്രിഡ്ജ്, വഞ്ചിയൂർ കോടതി പരിസരങ്ങളിൽ ഉൾപ്പടെ 12 കനിവ് 108 ആംബുലൻസുകളും പൊങ്കാല ദിവസം വിന്യസിക്കും. പൊള്ളൽ, തലകറക്കം, ബോധക്ഷയം ഉൾപ്പടെ അത്യാഹിതങ്ങളിൽ പൊതുജനത്തിന് മൊബൈലിൽ നിന്ന് 108 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ട് ആംബുലൻസ് സേവനം ലഭ്യമാക്കാവുന്നതാണ്.