- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്യുപങ്ചർ ചികിത്സാ രീതിയിലൂടെ പ്രസവിക്കാൻ കഴിയുമെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്; ഭർത്താവ് നയാസിന്റേത് തികച്ചും നിഷേധാത്മകമായ സമീപനം; ഷമീറയുടെ മരണത്തിൽ വനിതാ കമ്മീഷൻ
തിരുവനന്തപുരം: മികച്ച ചികിത്സകൾ നിലവിൽ ഉണ്ടായിരുന്നിട്ടും അതു പിന്തുടരാതെ തികച്ചും തെറ്റായ രീതിയിൽ ഷമീറയുടെ പ്രസവം നടത്തിയത് ആധുനിക സമൂഹത്തിന് യോജിച്ച രീതി അല്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. നേമത്തിന് അടുത്ത് കാരയ്ക്ക മണ്ഡപത്തിനു സമീപമുള്ള വാടകവീട്ടിൽ മരണപെട്ട പുത്തൻപീടികയിൽ ഷമീറ താമസിച്ചിരുന്ന സ്ഥലവും പരിസരവും വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ എന്നിവർക്കൊപ്പം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
കേരളീയ സമൂഹത്തിൽ കേട്ടു കേൾവി ഇല്ലാത്ത അത്യന്തം ദാരുണമായ സംഭവമാണിത്. ഗർഭിണികൾക്കു നൽകേണ്ട ചികിത്സയെപ്പറ്റിയും പ്രതിമാസം ചികിത്സ നടത്തേണ്ടതിനെ കുറിച്ചും എല്ലാവർക്കും അവബോധം നൽകുകയും ആവശ്യമായ എല്ലാ സംവിധാനവും സംസ്ഥാന സർക്കാർ ഒരുക്കുകയും ചെയ്തിട്ടുള്ളതാണ്. 2023 ഓഗസ്റ്റ് മാസത്തിൽ ഷമീറ ഗർഭിണിയാണെന്ന് ആശവർക്കർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗർഭിണിയായ വിവരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് ജെപിഎച്ച്എൻ ഷമീറയെ നേരിട്ടു വന്നു കണ്ട് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. അപ്പോഴെല്ലാം തന്റെ ഭാര്യയെ ചികിത്സിക്കാൻ തനിക്കറിയാം എന്നാണ് ഭർത്താവ് നയാസ് പറഞ്ഞിരുന്നത്. അതിനു വേറെ ആരുടേയും ഉപദേശം വേണ്ട എന്ന രൂപത്തിലുള്ള തികച്ചും നിഷേധാത്മകമായ സമീപനമാണ് നയാസ് കൈക്കൊണ്ടതെന്ന് മെഡിക്കൽ സൂപ്രണ്ടുമായി സംസാരിച്ചതിൽ നിന്നു മനസിലായി.
ആശ വർക്കർ നിരന്തരം ഷമീറയെയും മൂന്നു കുട്ടികളെയും നിരന്തരം എത്തി കാണാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മൂന്നു കുട്ടികളെയും സിസേറിയനിലൂടെയാണ് ജന്മം നൽകിയിട്ടുള്ളത്. നാലാമത്തെ പ്രസവത്തിലാണ് അക്യുപങ്ചർ ചികിത്സാരീതി അവലംബിക്കാൻ നയാസ് തുനിഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയാസ് എത്തിയതെന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഗർഭിണികളായ സ്ത്രീകളുടെ പരിരക്ഷ, കുഞ്ഞുങ്ങളുടെ ആരോഗ്യം, ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം തുടങ്ങിയവ സ്ഥിരമായി പരിശോധിക്കാനും ആരോഗ്യമുള്ള കുഞ്ഞിന്റെ പിറവി ഉറപ്പു വരുത്താനുള്ള ഏറ്റവും മികവുറ്റ സംവിധാനം ഇവിടെയുണ്ട്. എല്ലാ വീടുകളിലും ആശാ വർക്കർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതെല്ലാമുണ്ടായിട്ടും തികച്ചും നിഷേധാത്മകമായ സമീപനമാണ് നയാസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. നയാസിന്റെ രണ്ടാമത്തെ ഭാര്യയാണ് ഷമീറ എന്നാണ് മനസിലാക്കുന്നത്. എട്ടുമാസത്തോളമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെ താമസിപ്പിച്ച ശേഷം കുട്ടികളെയും ഭാര്യയെയും നയാസ് പരിരക്ഷിച്ചു എന്നു പറയാൻ ആവില്ല. കുട്ടികളെയും ഭാര്യയെയും ഇവിടെയാക്കി നയാസ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തേക്ക് പോകാറാണ് ഉണ്ടായിരുന്നതെന്നാണ് അയൽവാസികൾ പറയുന്നത്.
വലിയ കരുതലോ, പരിരക്ഷയോ ഇല്ലാതെ കഴിഞ്ഞു വന്നിരുന്ന അവസ്ഥയിലാണ് അഡ്വാൻസ്ഡ് സ്റ്റേജ് ഓഫ് പ്രഗ്‌നെൻസിയിൽ ഷമീറ രക്തസ്രാവം മൂലം മരണപ്പെട്ടത്. അത്യന്തം ദാരുണമായ ഈ സംഭവത്തിന് ഇടവരുത്തിയ ഹീനമായ മനസിന്റെ ഉടമ കൂടിയാണ് നയാസ് എന്ന കാര്യത്തിൽ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കൃത്യമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അശാസ്ത്രീയമായ ചികിത്സാ രീതികൾ അവലംബിച്ചു കൊണ്ട് ഒരു അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടപ്പെടുത്താൻ ഇടയായിട്ടുള്ള ഈ സംഭവവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയ ക്ലിനിക്കിന്റെ ഉടമ ഷിഹാബുദീനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളീയ സമൂഹം വളരെ കരുതലോടെയും ഗൗരവത്തോടെയും കാണേണ്ട സംഭവമാണിത്. നമ്മൾ ചികിത്സാ രീതികളെ കുറിച്ചും ആരോഗ്യ പരിരക്ഷയെ കുറിച്ചും ബോധവൽക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു പറയുമ്പോഴും ഇത്തരത്തിലുള്ള തെറ്റായ പ്രവണതകൾ പല പ്രദേശങ്ങളിലും ഉണ്ടാകുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
അന്ധവിശ്വാസമോ, തികച്ചും തെറ്റായ ചിന്താഗതിയോ പിടികൂടുന്ന ആളുകളുണ്ടെങ്കിൽ അവരെ കുറിച്ച് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയുള്ള ഇടപെടൽ താഴെതലത്തിൽ എല്ലായിടങ്ങളിലും വളരെ കരുതലോടു കൂടി നടക്കണം. തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞാൽ ജീവൻ രക്ഷിക്കുന്നതിനുള്ള നടപടി ജനപ്രതിനിധികൾ ഇടപെട്ട് സ്വീകരിക്കണം. ഇനിയൊരിക്കലും ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തണം.
അക്യുപങ്ചർ ചികിത്സാ രീതി കേരളത്തിൽ പലയിടത്തും നടന്നു വരുന്നതായി അറിയാം. സ്ത്രീയുടെ ഗർഭസ്ഥ അവസ്ഥയുമായി ബന്ധപ്പെട്ട് പ്രസവത്തിന് ശസ്ത്രക്രിയ വേണ്ട, അക്യുപങ്ചർ ചികിത്സാ രീതിയിലൂടെ പ്രസവിക്കാൻ കഴിയുമെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഒട്ടും നിരക്കാത്ത രീതിയുമാണ് അത്. അതു കൊണ്ടാണ് ചികിത്സ നടത്തിയവർക്കെതിരേ കർശനമായ നടപടി ഉണ്ടായിട്ടുള്ളതെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
ഗർഭിണിയാണെന്ന വിവരം ഷമീറയുടെ വീട്ടുകാരിൽ നിന്നടക്കം മറച്ചുവച്ചെന്നും ഭർത്താവായ നയാസിൽ നിന്ന് യാതൊരു വിധത്തിലുള്ള പരിഗണനയും ഷമീറയ്ക്ക് ലഭിച്ചിട്ടില്ലെന്നും പരിസരവാസിയായ മാജിത വനിതാ കമ്മിഷൻ അധ്യക്ഷയോടു പറഞ്ഞു. നേമം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടുമായി കമ്മിഷൻ അധ്യക്ഷ ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രവർത്തകരെ അടക്കം വീട്ടിലേക്ക് കയറ്റാത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. അക്യുപങ്ചർ ചികിത്സാരീതിയാണ് ഇവർ പിൻതുടർന്നിരുന്നതെന്നും ഈ ചികിത്സകരായ രണ്ടുപേർ സ്ഥിരമായി ഇവരുടെ വീട്ടിലെത്തിയിരുന്നതായും പരിസരവാസികൾ പറഞ്ഞു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള ആശാവർക്കർ നസീമ സ്ഥലത്ത് എത്തി വനിതാ കമ്മിഷൻ അധ്യക്ഷയും സംഘവുമായും സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ