- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിക്ക് ജാമ്യമില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിക്ക് ജാമ്യമില്ല. ഉള്ളൂരിൽ മലയൻ ദിലീപിന്റെയും സന്തോഷിന്റെയും കുത്തേറ്റ മദ്ധ്യവയസ്കനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസാ കാതറിന്റെതാണുത്തരവ്.
രണ്ടാം പ്രതി സന്തോഷ് കൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും ആകയാൽ സന്തോഷിനെതിരെ പരാതിയില്ലെന്നും കാട്ടി, സ്റ്റേഷനിൽ പരാതിപ്പെട്ട യുവതി, കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളിക്കൊണ്ടാണ് കോടതി ജാമ്യം നിരസിച്ചത്. ഫെബ്രുവരി 9 മുതൽ പ്രതികൾ കസ്റ്റഡിയിലാണ്.
മെഡിക്കൽ കോളേജ് ഇളങ്കാവിൽ ലെയിൻ വിളയിൽ വീട്ടിൽ സന്തോഷ് കുമാറിനെ (47) കുത്തിപ്പരിക്കേല്പിച്ച കേസിൽ മുദാക്കൽ ഇളംപാലം മംഗലത്ത് വീട്ടിൽ മലയൻ ദിലീപ് (50) , മുട്ടട ശിവശക്തി ഭവനിൽ സന്തോഷ് (54) എന്നിവരാണ് പിടിയിലായത്.
2024 ഫെബ്രുവരി 9 പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് റിപ്പോർട്ടിൽ പറയുന്നത് : ഇളങ്കാവ് ലെയ്നിലെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് ഇവർ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കുത്തേറ്റ് സന്തോഷ് കുമാറിന്റെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. ആക്രമണശേഷം സുഹൃത്തുക്കൾ തന്നെയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.