കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റ് വിഷയത്തിൽ ചവിട്ടും കുത്തുമേറ്റ് പരിഹാസ്യരായി കഴിഞ്ഞുകൂടണമോ എന്ന് ലീഗ് ആലോചിക്കട്ടെയെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചവിട്ടും കുത്തുമേറ്റ് പരിഹാസ്യരായി കഴിഞ്ഞുകൂടണമോ എന്ന് ലീഗ് ആലോചിക്കട്ടെ. തീർച്ചയായും അവരത് ചിന്തിക്കും. കോൺഗ്രസ് കാണിക്കുന്ന നെറികേടിൽ ലീഗ് അണികൾ ക്ഷുഭിതരാണ്. മുസ്ലിം ലീഗിന് 1962-ൽ രണ്ട് സീറ്റുകളുണ്ട്. ഇത് ഇപ്പോൾ 2024 ആണ്. അവർ പരിഗണിക്കപ്പെടണമോ എന്നത് അവരുടെ മുന്നണിയുടെ പ്രശ്നമാണ്. തങ്ങൾക്ക് തോന്നുന്നത് ലീഗിനെ പരിഗണിക്കണമെന്നാണ്.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നതെന്നും ജയരാജൻ വിമർശിച്ചു. ഇത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. ലീഗിന് ജനങ്ങളോട്, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളോട് ബാധ്യതയുണ്ടെങ്കിൽ ശരിയായ നിലപാട് സ്വീകരിക്കാൻ അവർക്ക് കഴിയട്ടെ, ജയരാജൻ പറഞ്ഞു. ഇടതുമുന്നണി ശക്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നിലവിൽ ഒരു ജാഥയുമായി കോൺഗ്രസ് മുന്നോട്ട് പോകുകയല്ലേ. യഥാർഥത്തിൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് ഒരു മുന്നണി നടത്തുന്ന യാത്ര കോൺഗ്രസിന്റെ ജാഥയായി നടത്താൻ പാടുണ്ടോ. മുസ്ലിം ലീഗിനെ അടുപ്പിച്ചോ. എന്തുകൊണ്ടാണ് അവരെ അടുപ്പിക്കാത്തത്. അത് ഒരു തരം സമീപനമാണ്, ജയരാജൻ വിമർശിച്ചു. ഇത്തരം സമീപനവുമായി അവർ ആലപ്പുഴയിലെത്തിയപ്പോൾ എന്തായി. നേതാക്കൾ തമ്മിൽ അടുത്തത് അടി നടക്കും. ഇപ്പോൾ തെറിയേ വന്നിട്ടുള്ളൂ. ഇത് മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇപ്പോൾ രക്ഷപ്പെടാം'- ജയരാജൻ പറഞ്ഞു.