ഇടുക്കി: സഹോദരിയുടെ വീട്ടിലെ നായ കുരച്ചുകൊണ്ട് ചാടിവന്നതിനെത്തുടർന്ന്, യുവാവ് അതിനെ പാറയിൽ അടിച്ചുകൊന്നു. സംഭവത്തിൽ ഇടുക്കി തൂക്കുപാലം സന്യാസിയോട കളപുരമറ്റത്തിൽ രാജേഷി(42)നെതിരേ കമ്പംമെട്ട് പൊലീസ് കേസെടുത്തു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കുടുംബവഴക്കിനെത്തുടർന്നാണ് സംഭവമെന്ന് അറിയുന്നു. വ്യാഴാഴ്ചയാണ് സഹോദരി ശാരിയുടെ വീട്ടിൽ രാജേഷ് എത്തിയത്. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതുകണ്ടാണ് വളർത്തുനായ കുരച്ചുചാടിയത്. പോമറേനിയൻ ഇനത്തിൽപ്പെട്ട നായയാണ്.

വീട്ടുകാരുടെ പരാതിയിലാണ് കമ്പംമെട്ട് പൊലീസ് കേസെടുത്തത്. നെടുങ്കണ്ടം വെറ്ററിനറി ആശുപത്രിയിലെ സർജന്റെ സഹായത്തോടെ പോസ്റ്റുമോർട്ടം നടത്തി. 2017 മുതൽ രാജേഷുമായി സ്വത്തുതർക്കം നിലനിന്നിരുന്നതായും നിരവധിതവണ കമ്പംമെട്ട് പൊലീസിൽ പരാതി നൽകിയതായും ശാരി പറഞ്ഞു.