- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്; കമ്മീഷൻ റിപ്പോർട്ടുകളോട് അവഗണനയോ?
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മിഷന് തീരുമാനമെടുക്കാനുള്ള അവകാശമില്ല. റിപ്പോർട്ടിലുള്ളത് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു.
ടേംസ് ഓഫ് റെഫറൻസ് പ്രകാരം റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് ഒരു അന്വേഷണ കമ്മിഷന്റെ ചുമതല. കമ്മിഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം നിയമസഭയിലും ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കണം. എന്നാൽ റിപ്പോർട്ട് പരസ്യപ്പെടുത്തണം എന്നതിൽ നിർബന്ധമില്ലെങ്കിലും കമ്മിഷന് സ്വയം അത്തരത്തിലൊരു തീരുമാനം എടുക്കാനുള്ള അധികാരമില്ല- കെ നാരായണ കുറുപ്പ് പറഞ്ഞു.
എന്ത് സംഭവിച്ചാലും ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചാൽ ശാശ്വത പരിഹാരമായെന്നാണ് പൊതുവായ ധാരണ. വിദ്യാസമ്പന്നർ വരെ അങ്ങനെയാണ് കരുതുന്നത്. എന്നാൽ കമ്മിഷൻ റിപ്പോർട്ട് മാത്രമാണ് അധികാരികൾ സ്വീകരിക്കുക. കമ്മിഷൻ മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാറില്ല. ഇത്തരത്തിലുള്ള കമ്മിഷൻ റിപ്പോർട്ടുകൾ പിന്നീട് ചവറ്റുകുട്ടയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. സുരക്ഷയാണ് പരമപ്രധാനം. കുമരകം ബോട്ട് ദുരന്തത്തിൽ നടത്തിയ ജുഡീഷ്യൽ കമ്മിഷൻ അന്വേഷത്തിൽ ജല സുരക്ഷാ കമ്മിഷണറെ നിയോഗിക്കണമെന്ന നിർദ്ദേശം റിപ്പോർട്ടിൽ ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നു വരെ അങ്ങനെയൊരു തസ്തിക ഉണ്ടായിട്ടില്ല. റെയിൽവെയിൽ അത്തരത്തിൽ റെയിൽ സേഫ്റ്റി കമ്മിഷണർ ഉണ്ട്. അപകടമുണ്ടായാൽ റെയിൽ സേഫ്റ്റി കമ്മിഷണർ സ്ഥലത്തെത്തും- അദ്ദേഹം പറഞ്ഞു.