കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ വാട്ടർ ബിൽ വന്നത് 7.2 ലക്ഷം രൂപ. ബിൽ തുക ഹോസ്റ്റൽ അന്തേവാസികൾ അടയ്ക്കണമെന്നു മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടതോടെ മന്ത്രിക്കു പരാതി നൽകി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.

മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് പൊതുജല വിതരണ ടാപ്പിൽ നിന്നു വെള്ളമെടുത്തതോടെയാണ് കനത്ത തുകയുടെ ബിൽ വന്നത്.

ഗാന്ധിനഗറിലുള്ള ഓൾഡ് ലേഡീസ് ഹോസ്റ്റലിൽ എംബിബിഎസ്, ഫാർമസി കോഴ്‌സുകളിൽ പഠിക്കുന്ന 285 പേരാണു താമസിക്കുന്നത്. മൂന്നു മാസം മുൻപാണു ജല അഥോറിറ്റി ഇവിടെ മീറ്റർ സ്ഥാപിച്ചത്. കഴിഞ്ഞാഴ്ചയാണു ബിൽ കൊടുത്തത്.

ബിൽ തുക അനുസരിച്ച് ഓരോരുത്തരും 3000 രൂപ വീതം വാട്ടർ ചാർജായി അടയ്‌ക്കേണ്ടി വരും. 3 മാസത്തെ ബിൽ തുകയാണ് 7.2 ലക്ഷം. ഭീമമായ ബിൽ തുക കണ്ട അന്തേവാസികൾ ജല അഥോറിറ്റി അധികൃതരെ സമീപിച്ചപ്പോൾ തവണകളായി പണം അടയ്ക്കാൻ ഇളവ് അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം.